
ഓണം ; കെഎസ്ആർടിസി സ്പെഷൽ ഓട്ടത്തിലാണ്
- സ്വകാര്യ ബസുകൾ ഈടാക്കുന്നത് തോന്നിയ പോലുള്ള ടിക്കറ്റ് നിരക്ക്
കോഴിക്കോട്:ഓണത്തിരക്കിൽ പെടുന്ന യാത്രക്കാരെ രക്ഷപ്പെടുത്താൻ കെഎസ്ആർടിസിയുടെ ഉത്സവകാല പ്രത്യേക സർവിസുകൾ തുടങ്ങി. ഇത്തവണ 255 അന്തർസംസ്ഥാന സർവിസുകളാണ് കെഎസ്ആർടിസി നടത്തുന്നത്. വിവിധ ഡിപ്പോകളിൽ നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവിസ്. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പുനലൂർ, തിരുവനന്തപുരം, അടൂർ, പാല, കൊല്ലം എന്നിവിടങ്ങളിൽനിന്ന് ഈ മാസം 10 മുതൽ 19 വരെയാണ് ഓണം സ്പെഷൽ സർവിസ് നടത്തുക.

ഓണക്കാലത്തെ തിരക്ക് മുൻകൂട്ടിക്കണ്ട് സ്വകാര്യ ടൂറിസ്റ്റ് ബസുകൾ യാത്രാനിരക്ക് വൻതോതിൽ ഉയർത്തിയിട്ടുണ്ട്. സാധാരണ ഈടാക്കുന്നതിൽ നിന്ന് ഇരട്ടിയും അതിലധികവുമാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. 12ന് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് 2500 മുതൽ 3500 രൂപ വരെയും ചെന്നൈയിൽനിന്ന്’ കോഴിക്കോട്ടേക്ക് 1700 മുതൽ 4000 രൂപ വരെയും കൊടുക്കേണ്ടി വരുന്നതും യാത്രാ പ്രതിസന്ധി കൂട്ടുന്നു.