
കരിമ്പ് ജ്യൂസ് നിർമിക്കുന്ന യന്ത്രത്തിൽ വിദ്യാർത്ഥിയുടെ കൈ കുടുങ്ങി
- യന്ത്രം മുറിച്ച് മാറ്റി രക്ഷിച്ചു
കോഴിക്കോട്:കരിമ്പ് ജ്യൂസ് നിർമിക്കുന്ന യന്ത്രത്തിൽ വിദ്യാർത്ഥിയുടെ കൈ കുടുങ്ങി. കൊടുവള്ളി പെരുവില്ലി പാലത്തറ വീട്ടിൽ ആദികൃഷ്‌ണ (14)യുടെ ഇടത് കൈ ആണ് കുടുങ്ങിയത്. ജ്യൂസ് യന്ത്രത്തിന്റെ ഫ്ളൈ വീൽ ഗിയറുകൾക്കുള്ളിൽ കുടുങ്ങിയ നിലയിമായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൊടുവള്ളി മാനിപുരം പാലത്തിനു സമീപം പ്രവർത്തിക്കുന്ന ജ്യൂസ് നിർമാണ യൂണിറ്റിൽ ആണ് അപകടം നടന്നത്. ജ്യൂസ് നിർമിക്കുന്നതിന് സഹായിക്കാൻ എത്തിയതായിരുന്നു ആദി കൃഷ്ണ. സംഭവം നടന്ന ഉടൻ തന്നെ കൂടെയുണ്ടായിരുന്ന ആൾ യന്ത്രത്തിന്റെ പ്രവർത്തനം നിർത്തി. കൈ കുടുങ്ങിയ ഉടനെ തന്നെ കൂടെ ഉണ്ടായിരുന്ന ആളും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മുക്കം അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.