
കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
- കരിക്കുലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉപസമിതി വെച്ച് കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീയിൽ സംസ്ഥാനം കമ്മിറ്റഡായതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.കരിക്കുലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉപസമിതി വെച്ച് കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പദ്ധതിയുടെ മുന്നോട്ടുപോക്കുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.’ഉപസമിതിയെ നിയമിച്ച് വിശദമായി ചർച്ച ചെയ്യാനുള്ള തീരുമാനത്തിലെത്തിയിട്ടുണ്ട്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെക്കുകയും ഫണ്ട് വാങ്ങുകയും ചെയ്തിരിക്കുകയാണല്ലോ. അതുകൊണ്ട് ഇനിയെന്ത് ചെയ്യാനാകുമെന്ന കാര്യം ഉപസമിതി തീരുമാനിക്കും.

കരിക്കുലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളം വ്യത്യസ്തമായി തുടരും. കേന്ദ്രസർക്കാരിൻ്റെ പോളിസികളെ കേരളാ സിലബസിൽ കയറ്റുന്ന ഒരു നീക്കവും അനുവദിക്കില്ല. ഒപ്പിട്ടതുകൊണ്ട് കമ്മിറ്റഡാണ് ഇനിയെന്ത് എന്ന ചോദ്യത്തിന് ഉപസമിതി ചർച്ച ചെയ്ത് തീരുമാനമാക്കും’. മന്ത്രി വ്യക്തമാക്കി. കൂടുതൽ കാര്യങ്ങളെല്ലാം ഈ സമിതിയുടെ പരിശോധനകൾക്കും ചർച്ചകൾക്കും ശേഷം പറയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.പിഎം ശ്രീയിൽ തുടരാൻ നിർബന്ധിതരാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പറഞ്ഞിരുന്നു. സർക്കാരിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലി കഴിപ്പിക്കാതിരിക്കാൻ ആണ് ശ്രമിക്കുന്നതെന്നും നിലവിൽ കേരളം ഇതിൽ അംഗമാണെന്നും സതീശൻ പറഞ്ഞു
