
കാട്ടുപന്നിശല്യം തടയാൻ തെലങ്കാനയിൽ നിന്ന് ഷൂട്ടർമാരെത്തും
- തെലങ്കാനയിൽ നിന്നുള്ള ഷൂട്ടർമാരുടെ സംഘമാണ് കാട്ടുപന്നികളെ പിടിക്കാനെത്തുന്നത്. മൂന്നുദിവസത്തോളമാണ് ഇവർ മേഖലയിലുണ്ടാകുക.
കോടഞ്ചേരി: കാട്ടുപന്നിശല്യം കാരണം കൃഷി പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിന് മുന്നിട്ടിറങ്ങി കോടഞ്ചേരി പഞ്ചായത്ത്. കാട്ടുപന്നി ജനകീയ പ്രതിരോധയജ്ഞവുമായാണ് അവർ കർഷകരെ ചേർത്തുപിടിക്കുന്നത്. കഴിഞ്ഞവർഷം നടത്തിയതുപോലെ തെലങ്കാനയിൽ നിന്നുള്ള ഷൂട്ടർമാരുടെ സംഘമാണ് കാട്ടുപന്നികളെ പിടിക്കാനെത്തുന്നത്. മൂന്നുദിവസത്തോളമാണ് ഇവർ മേഖലയിലുണ്ടാകുക. അഞ്ചംഗസംഘത്തോടൊപ്പം പ്രാദേശിക ഷൂട്ടർമാരുടെ എട്ടംഗസംഘവും അണിനിരക്കും.
പരിശീലനം ലഭിച്ച നായകളേയും കാട്ടുപന്നി വേട്ടയ്ക്ക് ഉപയോഗിക്കാൻ ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞവർഷം സപ്തംബറിൽ എത്തിയ തെലങ്കാനസംഘം കൃഷി നശിപ്പിക്കുന്ന പതിനൊന്ന് കാട്ടുപന്നികളെ വകവരുത്തി മടങ്ങിയിരുന്നു. അത്യാധുനിക തോക്കുകളും സെർച്ച് ലൈറ്റുകളോടും കൂടിയാണ് സംഘം എത്തുക. ദീർഘകാലമായി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വകവരുത്തിയുള്ള പരിചയവും ഇവർക്കുണ്ട്. എട്ടാംതവണയാണ് ശല്യക്കാരായ കാട്ടുപന്നികളെ വകവരുത്താനുള്ള നടപടികൾക്ക് പഞ്ചായത്ത് മേൽനോട്ടം നൽകുന്നത്. ലൈസൻസുള്ള ഷൂട്ടർമാരെ ഉപയോഗിച്ച് നിയമാനുസൃതമാണ് ശല്യക്കാരായ കാട്ടുപന്നികളെ വകവരുത്തുന്നത്.
മേഖലയിൽ കൃഷി നശിപ്പിക്കുന്ന പന്നികളെ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ലൈസൻസുള്ള പ്രാദേശിക ഷൂട്ടർമാർ വകവരുത്തിയിരുന്നു. കാട്ടുപന്നികളുടെ പ്രജനനം കണക്കാക്കുമ്പോൾ കൊല്ലപ്പെടുന്ന പന്നികളുടെ എണ്ണം വളരെ കുറവാണ്. കാട്ടുപന്നി ശല്യം നേരിടുന്ന കർഷകരുടെ കണക്ക് ഒരുവർഷം മുമ്പ് വാർഡ് മെമ്പർമാർ മുഖേന കോടഞ്ചേരി പഞ്ചായത്ത് ശേഖരിച്ചിരുന്നു. പഞ്ചായത്തിലെ ആയിരത്തിലേറെ കർഷകരാണ് കാട്ടുപന്നിശല്യം കാരണം ബുദ്ധിമുട്ടുന്നത്. കാട്ടുപന്നി ശല്യത്താൽ കപ്പക്കൃഷി ഉപേക്ഷിക്കപ്പെട്ടതോടെ പൊന്തക്കാടുകളായി മാറിയ കൃഷിയിടങ്ങളും വിലത്തകർച്ചയെത്തുടർന്ന് ടാപ്പിങ് മുടങ്ങി കാടുപിടിച്ചുകിടക്കുന്ന റബർത്തോട്ടങ്ങളും കാട്ടുപന്നികളുടെ വർധനയ്ക്ക് കാരണമാവുന്നു .