
കാൻസർ രോഗികൾക്ക് നൽകിയിരുന്ന സൗജന്യയാത്ര ‘ഹാപ്പി ലോങ് ലൈഫ്’ യുഡിഎഫ് സർക്കാർ നിർത്തലാക്കിയെന്ന് സിപിഎം
- ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിൽ അനുവദിച്ച സൗജന്യയാത്രയും അതോടൊപ്പം രോഗിക്ക് ബസിൽ സീറ്റും ഉറപ്പു നൽകിയതാണ് ഇപ്പോൾ റദ്ദാക്കിയതെന്ന് സിപിഎം ആരോപിച്ചു
തിരുവനന്തപുരം:കെഎസ്ആർടിസി ബസുകളിൽ കാൻസർ രോഗികൾക്ക് നൽകിയിരുന്ന സൗജന്യയാത്ര ‘ഹാപ്പി ലോങ് ലൈഫ്’ യുഡിഎഫ് സർക്കാർ നിർത്തലാക്കിയെന്ന് സിപിഎം. ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിൽ അനുവദിച്ച സൗജന്യയാത്രയും അതോടൊപ്പം രോഗിക്ക് ബസിൽ സീറ്റും ഉറപ്പു നൽകിയതാണ് ഇപ്പോൾ റദ്ദാക്കിയതെന്ന് സിപിഎം ആരോപിച്ചു. ആറ് മാസത്തെ കാലാവധിയിലാണ് ഹാപ്പി ലോങ് ലൈഫ് കാർഡുകൾ നൽകിയിരുന്നത്.അതുകഴിഞ്ഞാൽ വീണ്ടും ഓൺലൈനായി അപേക്ഷ നൽകി പുതുക്കണം. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പുതുക്കി നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിർത്തിവച്ചിരിക്കുകയാണെന്നും പുതിയതായി അപേക്ഷിക്കുന്നവർക്ക് കാർഡ് ലഭിക്കുന്നില്ലെന്നും സിപിഎം ആരോപിച്ചു.

കെഎസ്ആർടിസിയുടെ ആസ്ഥാനത്ത് നേരിട്ട് അന്വേഷിക്കുന്നവർക്ക്, സാങ്കേതിക കാരണങ്ങളാൽ കാർഡ് അച്ചടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. പരാതികൾ വർധിച്ചതോടെ ഈ സെക്ഷനിൽ ഫോൺ പോലും എടുക്കുന്നില്ലെന്നും സിപിഎം പറയുന്നു. പാസ്പോർട് സൈസ് ഫോട്ടോ, ആധാർ കാർഡ്, മേൽവിലാസം, ഓങ്കോളജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം www.keralartcit.com m ഔദ്യോഗിക പോർട്ടലിലൂടെയാണ് അപേക്ഷിച്ചിരുന്നത്. ചീഫ് ഓഫീസിൽ നിന്ന് ലഭ്യമാക്കുന്ന കാർഡ് കെഎസ്ആർടിസി യൂണിറ്റ് ഓഫീസർ വഴി അപേക്ഷകന്റെ വീട്ടിലെത്തിക്കുന്നതായിരുന്നു രീതിയെന്നും സിപിഎം പറഞ്ഞു.
