കിങ്ങിൽ നിന്ന്, കിങ്ങ്മേക്കറായി മാറിയ ലീഡർ

കിങ്ങിൽ നിന്ന്, കിങ്ങ്മേക്കറായി മാറിയ ലീഡർ

  • നെല്ലിയോട്ട് ബഷീർ

1996 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാനം വന്നപ്പോൾ കേരളം മാത്രമല്ല,ഇന്ത്യൻ രാഷ്ട്രീയം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.കണ്ണോത്ത് കരുണാകരൻ മാരാർ എന്ന കെ കരുണാകരൻ സ്വന്തം തട്ടകത്തിൽ, തൃശൂരിൽ പരാജയപ്പെട്ടിരിക്കുന്നു. കോൺഗ്രസ്സ് ക്യാമ്പിൽ ഒരുഭാഗത്ത് ദുഖവും മറുഭാഗത്ത് സന്തോഷവും അലയടിച്ച ദിവസം. അപ്രതീക്ഷിതമായ വിജയത്തിന്റെ അമ്പരപ്പ് അന്ന് ഇടത് മുന്നണിയിൽ പോലുമുണ്ടായിരുന്നു. വി.വി രാഘവൻ എന്ന സിപിഐയുടെ സ്ഥാനാർത്ഥിക്ക് താൻ കരുണാകരനെ പരാജയപ്പെടുത്തിയെന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് വിശ്വസിക്കാനാകാത്ത അവസ്ഥ.അത്രമേൽ അമ്പരപ്പും അതിശയവും ഞെട്ടലുമുണ്ടാക്കിയ ഒരു ഫലം ഇന്ത്യയിലുണ്ടായിട്ടുണ്ടോ എന്നറിയില്ല.1480 വോട്ടുകൾക്ക്‌ തോറ്റ കരുണാകരന്റെ ലോക്സഭയിലേക്കുള്ള കന്നിയങ്കമായിരുന്നു അത്. പതിനായിരത്തിലേറെ വോട്ടുകൾക്ക് യുഡിഎഫ് ജയിക്കുന്ന മണ്ഡലത്തിൽ, തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് പിസി ചാക്കോ ജയിച്ച മണ്ഡലത്തിൽ കരുണാകരൻ പരാജയപ്പെട്ടു.എങ്ങനെ തോറ്റു,എന്തുണ്ടായി എന്ന് ആരും അന്വേഷിച്ച് പോകേണ്ടതില്ല.ഉത്തരം അന്നേ കരുണാകരൻ വികാരനിർഭരനായി പറഞ്ഞിട്ടുണ്ട്.എന്നെ, മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി എന്ന്.അദ്ദേഹത്തെ ആർക്കും മുന്നിൽ നിന്ന് തോൽപ്പിക്കാൻ സാധിക്കില്ലായിരുന്നു. പിന്നിൽ നിന്ന് കുത്തിതള്ളിയിടുകയേ നിവർത്തിയുണ്ടായിരുന്നുള്ളു.കേരള രാഷ്ട്രീയത്തിന്റെ ചരിത്രം തുറന്ന് നോക്കുമ്പോൾ ചില പേരുകൾ വെറും വ്യക്തികളായി മാത്രമല്ല, ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ പര്യായമായി തന്നെ മുന്നിൽ വരും.കെ. കരുണാകരൻ അത്തരത്തിലുള്ള ഒരു നേതാവാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം അധികാരത്തിന്റെ കസേരയിൽ ഒതുങ്ങിയിരുന്നില്ല; മറിച്ച്, കേരളം അനുഭവിച്ച ഭരണസംസ്കാരത്തിലും രാഷ്ട്രീയ സ്ഥൈര്യത്തിലും പ്രതിപക്ഷ-ഭരണപക്ഷ ബന്ധങ്ങളിലും ആഴമായി പതിഞ്ഞ ഒരു അടയാളമായിരുന്നു. ‘ലീഡർ’ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിച്ചത് ഔദ്യോഗിക പദവികൾ കൊണ്ടുമാത്രമല്ല; രാഷ്ട്രീയത്തെ നിയന്ത്രിച്ച വ്യക്തിത്വത്തിന്റെ കരുത്തുകൊണ്ടായിരുന്നു.സ്വാതന്ത്ര്യാനന്തര കേരളം രാഷ്ട്രീയമായി അതിവേഗം വളർന്ന ഒരു സംസ്ഥാനമായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തമായ വളർച്ചയും കോൺഗ്രസിന്റെ ഭരണാനുഭവവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കേരള രാഷ്ട്രീയത്തെ സവിശേഷമാക്കി.ഈ പശ്ചാത്തലത്തിലാണ് കെ. കരുണാകരൻ എന്ന നേതാവ് ഉയർന്ന് വന്നത്. കോൺഗ്രസിനകത്ത് പോലും ശക്തമായ അഭിപ്രായ വ്യത്യാസങ്ങളും ഗ്രൂപ്പിസവും നിറഞ്ഞ കാലഘട്ടത്തിൽ,തന്റെ നിലപാടുകളും അധികാരബോധവും തുറന്നു പറഞ്ഞ് മുന്നേറിയ നേതാവായിരുന്നു കരുണാകരൻ.

കേരളം മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്ന കാലം എന്നും ഓർക്കപ്പെടുകതന്നെ ചെയ്യും.1957-ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ പോലും ഉള്ള മന്ത്രിമാർ പൂർണമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പമായിരുന്നില്ല. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി, എ.ആര്‍. മേനോന്‍ എന്നിങ്ങനെ സ്വതന്ത്രരെയും കൂട്ടിയായിരുന്നു കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ രൂപം കൊണ്ടത്.1967-ല്‍ ഒമ്പതംഗ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവാകുമ്പോള്‍ കരുണാകരനു നന്നായറിയാമായിരുന്നു ശക്തമായ ഒരു മുന്നണിയുണ്ടാക്കാതെ കോണ്‍ഗ്രസ്സിന് കേരളത്തില്‍ അടിത്തറയുണ്ടാക്കാനാവില്ലെന്ന്.ഇന്ത്യയിലാദ്യമായി കോണ്‍ഗ്രസ്സിന് അധികാരം നഷ്ടപ്പെട്ട സംസ്ഥാനമാണ് കേരളം.അതും ജവഹര്‍ലാല്‍ നെഹ്‌റു ലോകരാഷ്ട്രീയത്തില്‍ തന്നെ ഒരു മിന്നും താരമായി പരിലസിക്കുന്ന കാലഘട്ടത്തില്‍. മഹാത്മാഗാന്ധിയെപ്പോലെ,സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പോലെ പ്രഗത്ഭരായ നേതാക്കള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ ദേശീയ സ്വാതന്ത്ര്യ സമരത്തിലൂടെ ഊട്ടി വളര്‍ത്തിയെടുത്ത പശ്ചാത്തലത്തില്‍,1960-ല്‍ മുസ്ലീം ലീഗ്, പി.എസ്.പി. എന്നീ കക്ഷികളുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.നല്ല ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചടുക്കിയെങ്കിലും പി.എസ്.പി.യിലെ പട്ടം താണുപിള്ളയാണ് മുഖ്യമന്ത്രിയായത്. 1969-ലും 70ലും സി.പി.ഐ.ക്കായിരുന്നു മുഖ്യമന്ത്രിസ്ഥാനം ലഭിച്ചത്. മുഖ്യമന്ത്രി. സി.അച്ച്യുതമേനോന്റെ ഭരണകാലം എട്ടുവര്‍ഷക്കാലം നീണ്ടുനിന്നു.1978-ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം വീണ്ടും സി.പി.ഐയ്ക്ക്, ഇത്തവണ ഊഴം പി.കെ.വാസുദേവന്‍ നായര്‍ക്കായിരുന്നു. 1980-ല്‍ കെ.കരുണാകരന്‍ ഐക്യജനാധിപത്യ മുന്നണി രൂപീകരിച്ചു. 1982-ലും 91ലും 2001ലും 2011ലും മുഖ്യമന്ത്രിസ്ഥാനം കിട്ടിയത് കോണ്‍ഗ്രസ്സിന്. ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തവിധം കോണ്‍ഗ്രസ്സ് കരുത്താര്‍ജിച്ചു കഴിഞ്ഞിരുന്നു. മുന്നണി ബന്ധങ്ങളും സമവായങ്ങളും സമര്‍ത്ഥമായി ഉപയോഗിച്ചു കൊണ്ടുതന്നെയാണ് കോണ്‍ഗ്രസ്സിന് ഐക്യജനാധിപത്യ മുന്നണിയുടെ നേതൃനിരയിൽ തുടരാനായത്. കരുണാകരന് ശേഷം മുഖ്യമന്ത്രിമാരായ എ.കെ.ആന്റണിക്കും ഉമ്മന്‍ചാണ്ടിയ്ക്കുമേ ഈ കരുത്തുണ്ടായിരുന്നുള്ളു. പാര്‍ട്ടിക്കും മുന്നണിയ്ക്കും കരുത്തുപകരാനും അവര്‍ക്കു കഴിഞ്ഞു.

കേരളത്തില്‍ 1957-ല്‍തന്നെ കോണ്‍ഗ്രസ്സ് പരാജയത്തിന്റെ രുചിയറിഞ്ഞെങ്കിലും ദേശീയ തലത്തില്‍ നോക്കുമ്പോള്‍ ഭരണം പിടിച്ചടക്കാന്‍ ശേഷിയുള്ള ഒരു മുന്നണിയുടെ തലപ്പത്താണു കോണ്‍ഗ്രസ്സ് നില്‍ക്കുന്നതെന്ന് നമുക്കു കാണാവുന്നതാണ്.1967 മുതലങ്ങോട്ടു കോണ്‍ഗ്രസ്സ് ക്ഷയിച്ചുവന്ന തമിഴ്നാട്, ഒറീസ, പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിലാവട്ടെ ഇന്ന് കോണ്‍ഗ്രസ് തീരെ ദുര്‍ബലമാവുകയും ചെയ്തിരിക്കുന്നു.ഈ സംസ്ഥാനങ്ങളിലൊന്നും കെട്ടുറപ്പോടെ മുന്നണി കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിനായില്ല. കേരളത്തിലാവട്ടെ 57 ല്‍ തന്നെ തോറ്റെങ്കിലും കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും ഇടതുപക്ഷത്തെയും വളര്‍ന്നു വരുന്ന ബി.ജെ.പിയെയും നേരിട്ടുകൊണ്ടുതന്നെ പിടിച്ചു നില്‍ക്കുന്നു. മുന്നണി കെട്ടിപടുക്കേണ്ടതിന്റെയും മുന്നണി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതിന്റെയും നല്ല പാഠങ്ങള്‍ കോണ്‍ഗ്രസുകാരെ പഠിപ്പിച്ചത് കരുണാകരന്‍ തന്നെ.ഇന്ന് ഇന്ത്യാ സഖ്യംവും നേരെത്തെ യു പി എ യും പ്രയോഗിച്ചതിന്റെ പിന്നിലും കെ കരുണാകരന്റെ ആശയം തന്നെ.കരുണാകരന്റെ ആദ്യത്തെ തോൽവി 1957ലെ നിയമസഭയിലേക്കുള്ള കന്നിയങ്കത്തിലായിരുന്നു. കരുണാകരന്റെ രാഷ്ട്രീയജീവിതകഥ പരാജയങ്ങളുടേത്കൂടിയാണ്.നാല് തവണ മുഖ്യമന്ത്രിയായ, പ്രധാനമന്ത്രി ആകേണ്ടിയിരുന്ന ആ രാഷ്ട്രീയക്കാരൻ നേടിയതും നഷ്ടപ്പെടുത്തിയതുമായ പലതുമുണ്ട്. വളർച്ചയിലേക്കുള്ള വഴിയിൽ തടസ്സമായതൊക്കെ തട്ടിത്തൊഴിച്ച്,ഇടക്ക് ഇടറിവീണ്, വീണ്ടും എഴുന്നേറ്റ് ആ രാഷ്ട്രീയജീവിതം പതിറ്റാണ്ടുകളോളം കേരളത്തിൽ സജീവ ചർച്ചയായി നിലകൊണ്ടു. ഗ്രൂപ്പിസം കൊടികുത്തി വാണപ്പോൾ അതിന്റെ നേട്ടവും കോട്ടവും ഒന്നിച്ചനുഭവിച്ചു. ഗ്രൂപ്പിസത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ, ഗ്രൂപ്പിസമില്ലാതെ എന്ത് കോൺഗ്രസ്സെന്ന് തിരിച്ച് ചോദിക്കറാണ് കരുണാകരന്റെ പതിവ്.കണ്ണൂരിലെ ചിറക്കലിൽ ജനിച്ച്,ചിത്ര രചന പഠിക്കാൻ തൃശൂരിലേക്ക് ചേക്കേറി, പിന്നീട് കേരളമാകെയും ഇന്ത്യൻ രാഷ്ട്രീയത്തിലും ആളിപ്പടർന്ന കെ കരുണാകരൻ അനിഷേധ്യനായി മാറിയത് തന്റെ കൗശലം കൊണ്ട് കൂടിയായിരുന്നു.ലീഡർ എന്ന് പറഞ്ഞാൽ അന്നും ഇന്നും മലയാളിക്ക് കരുണാകരനാണ്.

കരുണാകരൻ കോൺഗ്രസ്സിനകത്ത് അതിശക്തനായി മാറുന്നത് 1967ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള കാലത്തായിരുന്നു.ആ തെരഞ്ഞടുപ്പിൽ കോൺഗ്രസ്സിന് ആകെ ലഭിച്ചത് 9 സീറ്റുകളായിരുന്നു. അവരിലൊരാൾ കരുണാകരനും.അന്ന് നിയസഭാകക്ഷി നേതാവായ കരുണാകരന്റെ രാഷ്ട്രീയ നൈപുണ്യത്തിന്റെ ഒരൊറ്റ മികവിലാണ് പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോൺഗ്രസ്സ് മാറുന്നതും പിന്നീട് ഒറ്റയ്ക്ക് ഭരിക്കാവുന്ന നിലയിലേക്ക് കോൺഗ്രസ്സ് പാർട്ടി ചിറകടിച്ച് ഉയരുന്നതും. ഒരു നേതാവ് എന്താണെന്നും എങ്ങനെയാണെന്നും കരുണാകരനിൽ നിന്ന് പഠിക്കാൻ കഴിയും.ലീഡർ എന്നത് ഒരു വിളിപ്പേര് മാത്രമല്ല, അത് പിആർ വർക്കിലൂടെ സൃഷ്ടിച്ചെടുത്ത ടാഗ് ലൈനുമല്ല. കോൺഗ്രസ്സുകാർ അത്രമേൽ ഇഷ്ടത്തോടെ വിളിച്ചുവിളിച്ച് പതിഞ്ഞുപോയതാണ്.

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിട്ടാണെന്നും കെ കരുണാകരൻ അറിയപ്പെട്ടിരുന്നത്. അടിയന്തരാവസ്ഥയെ തുടർന്ന് 1977 ൽ കോൺഗ്രസിന് അഖിലേന്ത്യാതലത്തിൽ പിളർപ്പ് നേരിടേണ്ടി വന്നപ്പോൾ ഇന്ദിരാഗാന്ധിയുടെ കൂടെ ഉറച്ചുനിന്നു.1937 ൽ തൃശൂർ ടൗൺ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി നേതൃനിരയിലേയ്ക്ക് ആദ്യത്തെ പടി ചവിട്ടി. തുടർന്ന് കെ.പി.സി.സി.യിൽ അംഗമായി. ഇരിങ്ങാലക്കുടയിൽ പ്രജാമണ്ഡലം സമ്മേളനം നിരോധിക്കപ്പെട്ട 1942 ൽ നിരോധനം ലംഘിച്ച് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിൽ കരുണാകരനുമുണ്ടായി. വിയ്യൂർ ജയിലിൽ ഒൻപത് മാസം കിടന്നു. സീതാറാം മിൽ സമരത്തിലും വിമോചനസമരത്തിലും പങ്കെടുത്ത് അറസ്റ്റു വരിക്കുകയും ചെയ്തിട്ടുണ്ട്..ഇന്ത്യയിലെ ആദ്യത്തെ ജനകീയ വിമാനത്താവളമായ നെടുമ്പാശേരി എയർപോർട്ടിന്റെ ശില്പി എന്നതുൾപ്പെടെ കേരള രാഷ്ട്രീയത്തിൽ വികസനത്തിന്റെ ഒരുപാട് ഏടുകൾ സൃഷ്ടിച്ച വ്യക്തിയാണ് കരുണാകരൻ.കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപുരുഷനും, വാർത്തകളിൽ നിറഞ്ഞുനിന്നതുമായ വ്യക്തികൂടിയാണ് കരുണാകരൻ. അടിയന്തരാവസ്ഥക്കാലത്ത് സി അച്യുതമേനോൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു കരുണാകരൻ. ‘കരുണാകരന്റെ പോലീസ്’ എന്ന പ്രയോഗം പോലും അക്കാലത്തുണ്ടായിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ മാത്രമല്ല,എല്ലാത്തരം എതിർ ശബ്ദങ്ങളെയും കരുണാകരന്റെ പോലീസ് അടിച്ചമർത്തി. അക്കാലത്തും പിന്നീടും അടിയന്തരാവസ്ഥയുടെ നീറുന്ന ഓർമയായ രാജൻ കേസും,രാജന് വേണ്ടി അച്ഛൻ ഈച്ചരവാര്യർ നടത്തിയ നീണ്ട നിയമ പോരാട്ടവും ചരിത്രത്തിൽ ഇടം പിടിച്ചവയാണ്.രാജൻ കേസിനെ തുടർന്ന് രാജിവെച്ച് ഒഴിയേണ്ടി വന്ന ഗതികേടും ഒരു കരിനിഴലായി കരുണാകരന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ട്.

സ്വാതന്ത്ര്യസമര സേനാനി ആയിരിക്കെ ജാതിമതവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ തന്റെ കണ്ണോത്ത് കരുണാകര മാരാർ എന്ന പേരിലെ ജാതി കഷണം മുറിച്ചു നീക്കി കെ കരുണാകരൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. മഹാത്മജിക്ക് ഹരിജനങ്ങളോടുള്ള പ്രതിബദ്ധത സ്വന്തം ജീവിതത്തിൽ ഏറ്റുവാങ്ങിയ ലീഡർ ചരിത്രത്തിൽ ആദ്യമായി (നിലവിൽ അവസാനമായും) ഹരിജനക്ഷേമ വകുപ്പ് ഏറ്റെടുത്ത മുന്നോക്ക വിഭാഗക്കാരനായ ഏക മുഖ്യമന്ത്രിയാണ്. പത്രപ്രവർത്തകർ ഹരിജനക്ഷേമ വകുപ്പ് എന്തേ ആ വിഭാഗത്തിൽപ്പെട്ടവർക്ക് നൽകാത്തത് എന്ന് ചോദിച്ചപ്പോൾ അവർക്ക് ഞാനുണ്ട് എന്ന് ആത്മാഭിമാനത്തോടെ പറഞ്ഞ വ്യക്തികൂടിയായിരുന്നു ലീഡർ.മുന്നണിക്ക് ബലമേകാന്‍ പല നീക്കങ്ങളും അദ്ദേഹം നടത്തിയിരുന്നു.1980 ല്‍ ഇ.കെ.നായനാര്‍ സര്‍ക്കാരില്‍ ചേര്‍ന്ന ആന്റണി പക്ഷത്തെ തിരികെ കൊണ്ടുവരാന്‍ കരുണാകരന് ഒരു മടിയുണ്ടായിരുന്നു. അങ്ങനെ 1982 ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായി. ആ ഭരണകാലത്താണ് എം.വി. രാഘവന്‍ സി.പി.എമ്മില്‍ നിന്നു വിട്ടകന്നത്. നിയമസഭയ്ക്കകത്തും പുറത്തും ബദ്ധശത്രുവായിരുന്ന രാഘവനെ കൂടെ കൂട്ടാന്‍ ഒട്ടും അമാന്തിച്ചില്ല കരുണാകരന്‍.രാഘവനെ നിയമസഭയിലെത്തിച്ചു മന്ത്രിയാക്കുക വഴി സ്വന്തം മുന്നണിക്ക് പുതിയ കരുത്തു നല്‍കുക മാത്രമായിരുന്നില്ല,മറിച്ച് ഇടതുപക്ഷത്തിനും ശക്തമായ പ്രഹരം ഏല്‍പിക്കുകയും ചെയ്ത കരുണാകരന്‍ ഇടതുപക്ഷത്തോട്ടു മല്ലിടാനുള്ള കര്‍മം എം.വി.ആറിന് വിട്ട് വേറെ വഴിക്ക് തിരിഞ്ഞു.1991 വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ പിന്നെയും സി.പി.എമ്മിനെതിരെ ആഞ്ഞടിക്കാന്‍ കരുണാകരന് അവസരം കിട്ടി.1994 ന്റെ അവസാനമായപ്പോഴേക്ക് കരുണാകരന്റെ ചുറ്റിലും കുരുക്കുകള്‍ മുറുകി. അതും സ്വന്തം പാര്‍ട്ടിയില്‍. വിഷയം ഐ.എസ്.ആര്‍.ഒ. ചാരക്കേസ്. ചാരക്കേസില്‍ കരുണാകരനു പ്രിയപ്പെട്ട പോലീസുദ്യോഗസ്ഥനായ ഐ.ജി. രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു ആരോപണം.ബന്ധപ്പെട്ട വിവാദത്തതുടർന്ന് മുഖ്യമന്ത്രി പദവി ഒഴിയേണ്ടിയും വന്നു. പക്ഷേ അതിനും മുമ്പേതന്നെ കരുണകാരന്റെ വിധി കോൺഗ്രസ്സുകാർ എഴുതിയിരുന്നു.മുഖ്യനാകാൻ അക്ഷമയോടെ കത്തിരുന്ന എ കെ ആന്റണി അങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി.

നാലു തവണ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ലോകസഭാ- രാജ്യസഭാ അംഗവുവുമായിരുന്ന ലീഡർ വർഷങ്ങളിലൂടെ പല കളികളും കളിച്ചും കളിപ്പിച്ചും മുന്നേറിയ രാഷ്ട്രീയ ചാണക്യൻ ആയിരുന്നു.1991ൽ രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് നരസിംഹറാവുവിനെ പ്രധാനമന്ത്രിയായി കൊണ്ടു വന്നതും കെ കരുണാകരൻ തന്നെ.

ഒട്ടേറെ ഉയർച്ചകളും താഴ്ചകളും കണ്ട ആ രാഷ്ട്രീയക്കാരൻ ഒരു പാഠപുസ്തകമാണ്. ആത്മകഥക്ക് ‘പതറാതെ മുന്നോട്ട്’ എന്ന് തലവാചകം കുറിക്കുമ്പോൾ അതിൽ പതറാനുള്ള എത്രയോ മുഹൂർത്തങ്ങളിലൂടെ കടന്നുപോയൊരു ജീവിതമുണ്ടായിരുന്നു. കരുണാകരൻ ഒരു രാഷ്ട്രീയക്കാരനല്ല, കരുണാകരൻതന്നെ ഒരു രാഷ്ട്രീയമായിരുന്നു,ഒരു ശൈലിയായിരുന്നു.എല്ലാ പതർച്ചകൾക്ക് മുന്നിലും കണ്ണിറുക്കി ചിരിക്കുന്ന കൗശലമുള്ള രാഷ്ട്രീയയക്കാരൻ.കരുണാകരന്റെ കഥ അവിടെയൊന്നും അവസാനിക്കുന്നതല്ല. 2005 ൽ താൻ നാട്ടു നനച്ച് വളർത്തിയ പ്രസ്ഥാനത്തിൽ നിന്ന് അദ്ദേഹം ഇറങ്ങി നടന്നു. കരുണാകരൻ കോൺഗ്രസ്സ് വിട്ടു,മറ്റൊരു പാർട്ടിയുണ്ടാക്കി.പിന്നീട് തിരിച്ച് കോൺഗ്രസിലേക്ക് തന്നെ.സംഭവബഹുലമായ ആ രാഷ്ട്രീയ ജീവിതം രണ്ടായിരത്തിപത്ത് ഡിസംബർ 23 ന് പ്രൗഢിയോടെ തന്നെ അവസാനിച്ചു.

കേരളരാഷ്രീയത്തിലെ ഒരേയൊരു ലീഡറും ഭീഷ്മാചാര്യരും ചാണക്യനുമൊക്കെയാണ് കരുണാകരൻ. കരുണാകരൻ ഒഴിച്ചിട്ട കസേരയിലേക്ക് ഇനിയും ഒരാളെ കണ്ടെത്താൻ കോൺഗ്രസ്സിനായിട്ടില്ല. ഇനിയതിന് കഴിഞ്ഞെന്നും വരില്ല.കാരണം ഒരു വെൽപാക്കഡ്‌ പൊളിറ്റീഷ്യനായിരുന്നു കരുണാകരൻ. നേതൃപാഠവവും കൗശലവും കുശാഗ്രബുദ്ധിയും എല്ലാം അവിടെയുണ്ട്.നിറഞ്ഞ ചിരിയുണ്ട്. തമാശകളുണ്ട്. കുറിക്ക് കൊള്ളുന്ന മറുപടികളുണ്ട്. എതിർപാളയത്തിലെ ശക്തനായ നായനാരുമായി സൗഹൃദം പങ്കിടാനും അവിടെ സമയമുണ്ട്. എൺപത്തിയാറാം പിറന്നാളിന് വീട്ടിലെത്തിയ മാധ്യമപ്രവർത്തകർ, വലിയ ജീവിതാനുഭവമുണ്ടല്ലോ, ഒന്ന് തിരിഞ്ഞ് നോക്കാമോ എന്ന് ചോദിച്ചപ്പോൾ, ഒരു കുഞ്ഞിന്റെ കുസൃതിയോടെ തിരിഞ്ഞുനിന്ന് ചുറ്റും നോക്കി ചിരിപടർത്താനും കരുണാകരന് കഴിഞ്ഞിട്ടുണ്ട്.

കെ. കരുണാകരൻ എന്ന പേര് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു വ്യക്തിയുടേതിലുപരി ഒരു കാലഘട്ടത്തിന്റെ പേരാണ്. പ്രതിസന്ധികളിൽ തളരാതെ ഉയിർത്തെഴുന്നേറ്റ ആത്മവിശ്വാസവും, ഭരണകൂടത്തെ ജനങ്ങളോട് ചേർത്തു നിർത്തിയ രാഷ്ട്രീയ ബുദ്ധിയും,വികസനത്തെ ദൃശ്യഫലങ്ങളാക്കി മാറ്റിയ തീരുമാനശക്തിയും ചേർന്നുനിൽക്കുന്ന നേതൃസങ്കല്പമായിരുന്നു അദ്ദേഹം. വിമർശനങ്ങൾക്കും പരാജയങ്ങൾക്കും നടുവിലും ജനവിശ്വാസത്തിന്റെ പടവുകൾ പുനർനിർമ്മിച്ച രാഷ്ട്രീയ യാത്ര, അധികാരം ലക്ഷ്യമല്ല,ജനക്ഷേമം മാർഗമാണെന്ന സത്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ഇന്നത്തെ കേരളം നേരിടുന്ന വെല്ലുവിളികളോട് നേർക്കുനേർ നോക്കുമ്പോൾ, ദൃഢനിശ്ചയവും ഭരണകൗശലവും ജനകീയതയും ചേർന്ന നേതൃമാതൃകയായി ‘ലീഡർ’ ഇന്നും പ്രസക്തനാണ്.കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ കാലാതീതമായി നിലകൊള്ളുന്ന പേരായി അത് തുടരുക തന്നെ ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )