
കുടിവെള്ളം മുട്ടിച്ച് ചെങ്കൽഖനനം
- പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
കാരശ്ശേരി: പഞ്ചായത്തിലെ 11,17 വാർഡുകളിലെ കണ്ണാട്ടുകുഴി, കൂടാംപൊയിൽ ഭാഗത്ത് നടക്കുന്ന ചെങ്കൽ ഖനനത്തിനെതിരേയുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്.
ഖനനംമൂലം ജലസ്രോതസ്സുകൾ നശിച്ച് കണ്ണാട്ടുകുഴി, കൂടാംപൊയിൽ, പട്ടർചോല, ഓടത്തെരു ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. ഇതിനുപുറമേ പൊടി ശല്യവും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
2019-ൽ കുടിവെള്ളക്ഷാമംമൂലം ഖനനം നിർത്തിവെച്ചിരുന്നതാണ് ഇപ്പോൾ പുനരാരംഭിച്ചത്. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടർന്ന് കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തി ഏപ്രിൽ 16-ന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ, ക്വാറി ഇപ്പോഴും പ്രവർത്തിക്കുന്നതായാണ് നാട്ടുകാരുടെ പരാതി . ഖനനം തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.
CATEGORIES News