
കൂൺ ഗ്രാമങ്ങൾക്ക് തുടക്കമിടാനൊരുങ്ങി സംസ്ഥാന സർക്കാർ
- 2 ലക്ഷം രൂപ വരെ സഹായധനം ലഭിക്കുന്ന പദ്ധതിക്ക് കർഷകർ, കൃഷിക്കൂട്ടങ്ങൾ, കർഷകസംഘങ്ങൾ, ഫാർമർ, പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, കുടുംബശ്രീ എന്നിവർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം :കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ കൂൺ ഉത്പാദനത്തിനുള്ള പദ്ധതിയുമായി ഹോർട്ടികൾച്ചർ മിഷൻ രംഗത്ത് . ഓരോ ജില്ലയിലും കൂൺ ഗ്രാമങ്ങൾക്ക് തുടക്കമിടുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാഷ്ട്രീയ കൃഷിവികാസ് യോജനയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 30.25 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത് . ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ രണ്ടോ മൂന്നോ പഞ്ചായത്തുകളെ ചേർത്താണ് കൂൺഗ്രാമം നടപ്പാക്കുന്നത്. ഉത്പാദക യൂണിറ്റുകൾക്കൊപ്പം സംസ്‌കരണം, മൂല്യവർധിത ഉത്പന്നങ്ങൾ, വിപണനം എന്നിവയും ഉണ്ടാകും. സംസ്ഥാനത്ത് 100 കൂൺ വില്ലേജുകളാണ് ലക്ഷ്യമിടുന്നത്. ചെറുകിട, വൻകിട കൂൺ ഉത്പാദന യൂണിറ്റ്, വിത്തുത്പാദന യൂണിറ്റ് എന്നിവയ്ക്ക് 40 ശതമാനവും കമ്പോസ്റ്റ്, പായ്ക്ക് ഹൗസ്, കൂൺ സംസ്‌കരണ യൂണിറ്റ് എന്നിവയ്ക്ക് 50 ശതമാനം നിരക്കിലും സബ്സിഡി ലഭ്യമാക്കുകയും ചെയ്യും.

പദ്ധതി പ്രകാരം കൂൺ വിപണനം ചെയ്യാൻ സംവിധാനം ഒരുക്കുകയും ചെയ്യും. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകളുടെയും രണ്ടു വൻകിട കൂൺ ഉത്പാദന യൂണിറ്റുകളുടെയും മൂന്ന് കൂൺ സംസ്കരണ യൂണിറ്റുകളുടെയും രണ്ടു പായ്ക്ക് ഹൗസുകളുടെയും 10 കമ്പോസ്റ്റ് ഉത്പാദന യൂണിറ്റുകളുടെയും പ്രവർത്തനങ്ങളാണ് 20 ബ്ലോക്കുകളിൽ ആദ്യഘട്ടത്തിൽ നടപ്പാക്കുക.രണ്ടു ലക്ഷം രൂപ വരെ സഹായധനം ലഭിക്കുന്ന ഈ പദ്ധതിക്ക് കർഷകർ, കൃഷിക്കൂട്ടങ്ങൾ, കർഷകസംഘങ്ങൾ, ഫാർമർ, പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, കുടുംബശ്രീ എന്നിവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും. വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക് :സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഫോൺ:0471 2330856, 2330857.