
കെ- ഫോൺ കണക്ഷൻ ;മലബാറിൽ 26,966 വാണിജ്യ കണക്ഷനുകൾ പൂർത്തിയായി
- സംസ്ഥാനത്താകെ 75,810 ഉപയോക്താക്കൾ
കോഴിക്കോട്: സംസ്ഥാനത്തെ ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ മലബാറിൽ. വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമുൾപ്പെടെ കേരളത്തിലാകെ 52,463 വാണിജ്യ(ഹോം) കണക്ഷനുകളാണുള്ളത്. അതിൽ 26,966 ഉപയോക്താക്കളും മലബാറിലാണ്. മലപ്പുറമാണ് സംസ്ഥാനത്ത് മുന്നിൽ. മലപ്പുറം ജില്ലയിൽമാത്രം 11,894 ഹോം കണക്ഷനുകളുണ്ട്. സർക്കാർ ഓഫീസുകളിലെ കണക്ഷൻകൂടി പരിഗണിക്കുമ്പോൾ മലബാർ മറ്റു ജില്ലകളിലെക്കാൾ മുന്നിലാവും. കെ-ഫോണിന് സംസ്ഥാനത്താകെ 75,810 കണക്ഷനുകളാണുള്ളത്.

23,347 സർക്കാർ ഓഫീസുകളിലാണ് ഇതുവരെ കണക്ഷൻ നൽകിയത്. ഈ വർഷം അവസാനമാവുന്നതോടെ മൂന്നുലക്ഷം കടക്കുകയാണ് ലക്ഷ്യമെന്ന് കെ-ഫോൺ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു. 2024 മാർച്ചിലാണ് വാണിജ്യ കണക്ഷൻ നൽകാൻ ആരംഭിച്ചത്. ഒരുവർഷം തികയുന്നതിനുമുൻപ് തന്നെ നേട്ടമുണ്ടാക്കാൻകഴിഞ്ഞു. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻപറ്റുന്ന അടിസ്ഥാനസൗകര്യങ്ങൾ കെ-ഫോൺ സജ്ജീകരിച്ചിട്ടുണ്ട്. അതേ സമയം പലയിടത്തും റോഡുകളുടെ നിർമാണപ്രവൃത്തി നടക്കുന്നത് കാരണം കണക്ഷൻ നൽകാൻ തടസ്സമാവുന്നുണ്ട്.