
കെ ഫോർ കെയർ വരുന്നു പരിചരണ സേവനങ്ങളുമായി
- ഗാർഹിക പരിചരണ സേവനങ്ങളെ ഒരു കുടക്കീഴിലാക്കി കുടുംബശ്രീയുടെ കെ ഫോർ കെയർ പദ്ധതി ജില്ലയിലും
കോഴിക്കോട് : കുടുംബശ്രീയിൽ ഇനി കെ ഫോർ കെയർ പദ്ധതിയും. ഗാർഹിക പരിചരണ സേവനങ്ങളെ ഒരു കുടക്കീഴിലാക്കിയുള്ള കുടുംബശ്രീയുടെ കെ ഫോർ കെയർ പദ്ധതി നടപടികൾക്ക് ജില്ലയിൽ തുടക്കം.
പത്താംക്ലാസ് വിദ്യാഭ്യാസയോഗ്യതയുള്ള കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവരെ ഉൾപ്പെടുത്തിയാണ് കെ ഫോർ കെയർ എക്സിക്യുട്ടീവുകളെ കണ്ടെത്തുന്നത്. ജില്ലയിൽ നിന്ന് 120- പേരാണ് താത്പര്യം അറിയിച്ചത്. സ്ക്രീനിങ് നടത്തിയ ശേഷം 45- പേരെ തിരഞ്ഞെടുത്തു. ഇനി ഇവർക്കുള്ള പരിശീലനം തുടങ്ങും. ഏജൻസി വഴി രണ്ട് ബാച്ചായിട്ടായിരിക്കും പരിശീലനം നടക്കുക. 15- ദിവസമാണ് പരിശീലനം. രാത്രിയും പകലും ജോലിചെയ്യാൻ പറ്റുന്നവർക്കാണ് മുൻഗണനയുള്ളത് .
ഭിന്നശേഷി പരിപാലനം, വയോജന-ശിശു പരിപാലനം, രോഗീപരിചരണം, പ്രസവ ശുശ്രൂഷ എന്നിങ്ങനെയുള്ള സേവനങ്ങൾ നൽകാനുള്ളതാണ് കെ ഫോർ കെയർ പദ്ധതി. ആശുപത്രികളിൽ കൂട്ടിരിപ്പ്, വീടുകളിൽച്ചെന്നുള്ള സേവനങ്ങൾ, ഒറ്റപ്പെട്ടു കഴിയുന്നവർക്ക് ആഹാരവും മരുന്നും എത്തിക്കുക എന്നിവയെല്ലാമാണ് തൊഴിൽ. ഗർഭിണികൾക്കും കുട്ടികൾക്കും ആവശ്യമായ പരിചരണമെല്ലാം ഇതിൽ ഉൾപ്പെടും.
നേരത്തേ തന്നെ സാന്ത്വനം വൊളന്റിയർമാർ കുടുംബശ്രീക്കുണ്ടെങ്കിലും കെ ഫോർ കെയർ എക്സിക്യുട്ടീവുകളെക്കൂടി ഇതിന്റെ ഭാഗമാക്കും. പരിചരണത്തി നാവശ്യമായ സാധനങ്ങൾ ഉൾപ്പെടുത്തി ടൂൾകിറ്റ് വിതരണം ചെയ്യും.സംസ്ഥാനത്തൊട്ടാകെ 1000-കെ ഫോർ കെയർ എക്സിക്യൂട്ടീവുകൾക്കാണ് പരിശീലനം നൽകുന്നത്.