
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് റിപ്പോർട്ട് സമർപ്പിച്ച് ഓംബുഡ്സ്മാൻ
- 2023-24 വർഷത്തിൽ ആകെ 61 പരാതികളാണ് ലഭിച്ചത്
കോഴിക്കോട് :2023-24 വർഷത്തെ ജില്ലയിലെ എംജിഎൻആർഇജിഎസ് പദ്ധതി പ്രവർത്തനം സംബന്ധിച്ച് ഓംബുഡ്സ്മാൻ വി. പി. സുകുമാരൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിന്റെ പകർപ്പ് കോഴിക്കോട് ജില്ലാ കളക്ടർക്ക് നൽകി.

2023-24 വർഷത്തിൽ ആകെ 61 പരാതികളാണ് ഓംബുഡ്സ്മാന് ലഭിച്ചത്. ഇതിൽ 51 പരാതികൾ തീർപ്പാക്കി. തൊഴിൽ ലഭിക്കാത്തത്, കൂലി ലഭിക്കാത്തത്, വ്യക്തിഗത അനുകൂല്യങ്ങളുടെ തുക ലഭിക്കാത്തത്, മരാമത്ത് പ്രവർത്തികൾ, ജോലിസ്ഥലത്തെ അടിസ്ഥാന സൗകര്യങ്ങൾ, ചികിത്സാ സഹായം ലഭിക്കാത്തത് തുടങ്ങിയ വിഷയങ്ങളിലാണ് തൊഴിലുറപ്പ് തൊഴിലാളികളും പൊതുജനങ്ങളും പരാതികൾ പ്രധാനമായും നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം 24 പ്രവർത്തി സൈറ്റുകൾ സന്ദർശിക്കുകയും തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തതിന്ടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

26 ഗ്രാമപഞ്ചായത്തുകളിൽ പബ്ലിക് ആദാലത്തുകൾ നടത്തിയ ഓംബുഡ്സ്മാൻ നേരിട്ട് പരാതികൾ കേട്ട് തീർപ്പ് കൽപ്പിച്ചിരുന്നു. സർക്കാരിലേക്ക് നൽകിയ റിപ്പോർട്ടിൽ പൊതു നിരീക്ഷണങ്ങളും പദ്ധതി മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ നിർദ്ദേശങ്ങളും നൽകിയതായി ഓംബുഡ്സ്മാൻ അറിയിച്ചു.