
കേന്ദ്രത്തെ വെട്ടിലാക്കി കുംഭമേളയിലെ അപകട മരണക്കണക്ക് പുറത്ത്
- . കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 82 പേർ മരിച്ചെന്നാണ് ബി ബി സിയുടെ റിപോർട്ട്.
ന്യൂഡൽഹി: കേന്ദ്രത്തെയും ഉത്തർപ്രദേശ് സർക്കാറിനെയും വെട്ടിലാക്കി കുംഭമേളയിലെ അപകട മരണക്കണക്ക് പുറത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കുംഭമേളയിലുണ്ടായ അപകട മരണക്കണക്കിലെ കൃത്രിമം അന്തർദേശീയ വാർത്താ ഏജൻസിയായ ബി ബി സിയാണ് വെളിപ്പെടുത്തിയത്. കുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 82 പേർ മരിച്ചെന്നാണ് ബി ബി സിയുടെ റിപോർട്ട്. ഉത്തർപ്രദേശ് സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട കണക്കിൽ 37 പേർ മാത്രമായിരുന്നു മരിച്ചത്. മരിച്ച 37 പേരുടെ കുടുംബങ്ങൾക്ക് സഹായധനമായി 25 ലക്ഷം രൂപയും വിതരണം ചെയ്തിരുന്നു. എന്നാൽ ഔദ്യോഗിക കണക്കിൽപ്പെടാത്തവരുടെ കുടുംബങ്ങൾക്ക് പണമായി അഞ്ച് ലക്ഷം രൂപ നൽകിയതായും ബി ബി സിയുടെ പുതിയ റിപോർട്ടിൽ പറയുന്നു.
നോട്ടുകെട്ടുകൾ വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളടക്കമാണ് ബി ബി സി ഹിന്ദി വാർത്ത പുറത്തുവിട്ടത്. ഉത്തർപ്രദേശ് സർക്കാറിന്റെ കണക്കനുസരിച്ച് ഏകദേശം 87 ലക്ഷം തീർഥാടകരാണ് കുഭമേളയിൽ പുണ്യ സ്നാനം നടത്തിയത്. 62 കോടി തീർഥാടകർ പങ്കെടുത്തതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നിരവധി പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. 37 പേർ മാത്രമാണ് മരിച്ചതെന്ന് യു പി സർക്കാർ പറഞ്ഞിരുന്നത്.