കൊടുവള്ളിയിലെ സ്വർണക്കവർച്ച; മൂന്നു പ്രതികൾകൂടി അറസ്റ്റിൽ

കൊടുവള്ളിയിലെ സ്വർണക്കവർച്ച; മൂന്നു പ്രതികൾകൂടി അറസ്റ്റിൽ

  • സ്വർണം കവരാൻ ക്വട്ടേഷൻ ഏറ്റെടുത്തവരിൽ ഒരാളാണ് പിടിയിലായ സിനോയ്

കൊടുവള്ളി:കൊടുവള്ളിയിലെ സ്വർണക്കവർച്ച കേസിൽ മൂന്നു പ്രതികൾകൂടി പോലീസിന്റെ പിടിയിലായി. ദീപം ജ്വല്ലറി ഉടമയും ആഭരണ നിർമാതാവുമായ മുത്തമ്പലം സ്വദേശി ബൈജുവിനെ സ്‌കൂട്ടറിൽ കാറിടിച്ച് തെറിപ്പിച്ച ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി 1.750 കിലോ സ്വർണം കവർന്ന കേസിലെ പ്രതികളാണ് പോലീസ് പിടിയിലായത് . കേസിലെ ആറാം പ്രതി തൃശൂർ മുടിച്ചേരി നെടുപുഴ സിനോയ് (35), സിനോയിയുടെ സഹായികളായ തൃശൂർ മണലൂർ അനൂപ് (37), കുട്ടിക്കൽതോട്ടിൽപടി അഭിലാഷ് (31)എന്നിവരെയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഭോപാലിൽനിന്ന് പിടികൂടിയത്.

പ്രതികളെ ഇന്നലെ വൈകീട്ട് പൊലീസ് കൊടുവള്ളിയിലെത്തിച്ചു. സ്വർണം കവരാൻ ക്വട്ടേഷൻ ഏറ്റെടുത്തവരിൽ ഒരാളാണ് പിടിയിലായ സിനോയ്. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വർണം വിൽപന നടത്തി കടന്നുകളയുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

കവർച്ചയുടെ മുഖ്യസൂത്രധാരനായ പാലക്കാട് സ്വദേശി പെരുവമ്പ പെരുംകുളങ്ങര വീട്ടിൽ രമേശൻ (42), തൃശൂർ സ്വദേശികളായ വെമ്പനാട് പാവറട്ടി മൂക്കൊല വീട്ടിൽ എം.വി. വിപിൻ (35), പാലുവയ്ക്കെരിങ്ങാട്ട് പി.ആർ. വിമൽ (38), പാവറട്ടി മരുത്വാ വീട്ടിൽ എം.സി. ഹരീഷ് (38), പാലക്കാട് തത്തമംഗലം ചിങ്ങാട്ട്കുളമ്പ് ലതീഷ് (43) എന്നിവരെ അന്വേഷണ സംഘം നേരത്തേ പിടി കൂടിയിരുന്നു. കൂടാതെ ഇവരിൽ നിന്നു ഒരു കിലോ മുന്നൂറ് ഗ്രാം സ്വർണം കണ്ടെടുക്കുകയും ചെയ്തിരുന്നു. കവർച്ചക്ക് ഉപയോഗിച്ച കാറും പൊലീസ് പിടികൂടിയിരുന്നു. സിഐ കെ.പി. അഭിലാഷിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ ബേബി മാത്യു, ആന്റണി ക്ലീറ്റസ്, പൊലീസുകാരായ സംഗിത്ത്, റിജോ മാത്യു, അനൂപ്, രതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )