
കോഴിക്കോടിനെ കാലം അടയാളപ്പെടുത്തുമ്പോൾ

- കോഴിക്കോട് കേവലം ഒരു സ്ഥലനാമമല്ല. ഒരു വികാരമാണ്. രുചിയുടെ , പാട്ടിന്റെ, കടലിന്റെ, കച്ചവടത്തിൻ്റെ….
പുരാതന കാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾക്ക് പ്രസിദ്ധമായ ഇടമാണ് കോഴിക്കോട്. ബൈബിൾ പഴയ നിയമത്തിൽ എഴുതപ്പെട്ടിട്ടുള്ള ‘ഓഫിർ’ എന്ന തുറമുഖ നഗരം ഇന്നത്തെ കോഴിക്കോട് നഗരത്തിന്റെ ഹൃദയഭൂമികയായ ബേപ്പൂർ ആയിരുന്നുവെന്ന് ചില ചരിത്രകാരൻമാർക്ക് അഭിപ്രായമുണ്ട് .
ബി.സി. ഇ 10-ാം നൂറ്റാണ്ടിൽ ജറുസലേം രാജാവായ സോളമൻ്റെ കൊട്ടാരത്തിലേക്ക് സുഗന്ധദ്രവ്യങ്ങളും മറ്റും കയറ്റിയയച്ചിരുന്നത് ഓഫിറിൽ നിന്നായിരുന്നു. കേരളത്തിന്റെ ചരിത്രാതീത കാലവുമായി ബന്ധപ്പെട്ട മഹാശിലാ സ്മാരകങ്ങൾ (ബി.സി.ഇ. 500-500 സി.ഇ.) കോഴിക്കോടിൻ്റ പ്രാന്തപ്രദേശങ്ങളിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. തിരുവണ്ണൂർ, പന്നിയങ്കര ശിലാശാസനകൾ എന്നിവയിലെ സൂചനകൾ പ്രകാരം കോഴിക്കോട് നഗരവും പ്രാന്തപ്രദേശങ്ങളും രാമവള നാടിന്റെ ഭാഗമായിരുന്നു. 12-ാം നൂറ്റാണ്ടിൽ ചേരരാജ്യവും, രാമവളനാടും അപ്രത്യക്ഷമായതോടെ ഇന്നത്തെ കോഴിക്കോട് നഗരം ‘പോളനാട്’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
പോളനാട്ടിലെ നാടുവാഴിയായ പോളാ തിരിയെ കൊണ്ടോട്ടിക്കടുത്തുള്ള നെടിയിരിപ്പ് സ്വരൂപത്തിലെ നാടുവാഴികൾ കീഴടക്കി. ഈ കീഴടക്കിയ പ്രദേശമാണ് പിൽക്കാലത്ത് കോഴിക്കോട് എന്ന പേരിലറിയപ്പെട്ടത്. നെടിയിരിപ്പ് സ്വരൂപത്തിലെ നാടുവാഴികൾ കോഴിക്കോട്ടെ സാമൂതിരിമാരായി അറിയപ്പെട്ടു.
കോഴിക്കോട് കുറ്റിച്ചിറയിലെ മുച്ചുന്തി പള്ളിയിലെ 'മുച്ചുന്തി ശാസനമാണ്' കോഴിക്കോടിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ ആധികാരിക രേഖ. 13-ാം നൂറ്റാണ്ടിനു ശേഷം സാമൂതിരിമാരുടെ കീഴിൽ കോഴിക്കോട് വിശ്വപ്രസിദ്ധമായ കച്ചവട കേന്ദ്രമായി മാറി. സാമൂതിരിയുടെയും കോഴിക്കോടിന്റെയും വളർച്ചയിൽ അറബികളുടെയും പ്രദേശിക മുസ്ലീമുകളുടെയും പങ്ക് വലുതാണ്.
ബ്രിട്ടീഷ് ഭരണക്കാലത്ത് കോഴിക്കോട് ആയിരുന്നു മലബാറിന്റെ ഭരണസിരാകേന്ദ്രം. ബ്രിട്ടീഷ് ഭരണത്തിന്റെ രണ്ടാമത്തെ ഘട്ടത്തിൽ (1870കളിൽ )ഇവിടെ സമൂഹത്തിന്റെ പൊതു മണ്ഡലങ്ങൾ വലിയ തോതിൽ രൂപപ്പെട്ടിരുന്നു. മത, വർണ, വർഗ, ലിംഗ ഭേദമന്യേ മനുഷ്യർ സാമൂഹിക ജീവിതം നയിച്ചിരുന്നു. ആധുനീക സാമൂഹ്യക്രമത്തിനെറെ രൂപീകരണത്തിനു ബ്രിട്ടീഷ് ഭരണം കാരണമായി.
പിന്നീട് പൊതു ഇടങ്ങളായ കളിസ്ഥലങ്ങൾ, സിനിമ തിയേറ്റർ, സ്കൂൾ തുടങ്ങിയവ ഉയർന്നു വന്നു. ആധുനിക ജനാധിപത്യ രൂപീകരണത്തിന് ബ്രിട്ടീഷ് ഭരണം സഹായകമായി എന്ന് പറയാം. എന്നാൽ പിന്നീട് ബ്രിട്ടീഷ് ഭരണത്തിന്റെ രാഷ്ട്രീയ നയങ്ങളും സാമ്പത്തിക നയങ്ങളും അടിമത്തമായി തുടങ്ങിയപ്പോൾ ഏറ്റവും ശക്തമായി എതിർത്തതും കോഴിക്കോട്ടുള്ള ദേശീയ പ്രസ്ഥാനങ്ങൾ തന്നെ ആയിരുന്നു.
മഹാത്മാ ഗാന്ധിയുടെ കേരളത്തിലേയ്ക്കുള്ള ആദ്യ സന്ദർശനം കോഴിക്കോട്ടേയ്ക്കായിരുന്നു – 1920 ആഗസ്റ്റ് 18ന്. 1920 കളിൽ മാതൃഭൂമിയും അൽ അമീനും കോഴിക്കോട്ട് രാഷ്ട്രീയ പത്രപ്രവർത്തനത്തിന് തുടക്കം കറിച്ചു. മുഹമ്മദ് അബ്ദുൾ റഹ്മാൻറേയും പി.കൃഷ്ണപ്പിള്ളയുടേയും നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ ഉപ്പ് സത്യാഗ്രഹസമരം കോഴിക്കോടിൻറെ ചരിത്രത്തിലെ നാഴികക്കല്ലാണ്.
കോഴിക്കോട് ചരിത്രത്തിൽ ഇപ്രകാരം അടയാളപ്പെട്ടപ്പോൾ ഇന്നത്തെ കോഴിക്കോടിനും ധാരാളം ബഹുമതികളുണ്ട് യുനെസ്കോയുടെ സാഹിത്യനഗര പദവിയും ഇന്ത്യയിൽ കുറ്റകൃത്യം കുറഞ്ഞ നഗരമെന്ന ബഹുമതിയും കോഴിക്കോടിന് തന്നെയാണ്.