
ചരിത്രസൂക്ഷിപ്പുകളുടെ സംരക്ഷണത്തിന് ശക്തമായ നടപടികള്‍ വേണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
- ചരിത്ര യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന വര്‍ത്തമാന കാലത്ത് പുരാരേഖകളും പുരാവസ്തുക്കളും സംരക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്
കോഴിക്കോട് : അമൂല്യ ചരിത്രരേഖകള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അതിനായി ശക്തമായ നടപടികള്‍ ആവശ്യമാണെന്നും രജിസ്ട്രേഷന് മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. 2023-ലെ കേരള പൊതുരേഖാ ബില്ലുമായി ബന്ധപ്പെട്ട് സെലക്ട് കമ്മിറ്റി കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ തെളിവെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്ര യാഥാര്‍ഥ്യങ്ങളെ വളച്ചൊടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന വര്‍ത്തമാന കാലത്ത് പുരാരേഖകളും പുരാവസ്തുക്കളും സംരക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്. പുരാവസ്തുക്കളുടെ വലിയ ശേഖരം നമ്മുടെ സംസ്ഥാനത്തുണ്ട്. അവ ശരിയായ രീതിയില്‍ ശേഖരിച്ച് സംരക്ഷിക്കാന്‍ കൂടുതല്‍ സമഗ്രമായ നടപടികള്‍ ആവശ്യമാണ്. കേരളത്തിലെ ജനങ്ങള്‍ പൊതുവെ പ്രബുദ്ധരാണെങ്കിലും പുരാവസ്തു സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വേണ്ടത്ര അവബോധമില്ലെന്നും അദ്ദേഹം പറഞ്ഞു. പുരാരേഖ സംരക്ഷണത്തില്‍ ചരിത്രപരമായ ദൗത്യമാണ് പുതിയ ബില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.