
ചെന്നൈയിൽ പുതിയ നിയമസഭ- സെക്രട്ടേറിയറ്റ് സമുച്ചയം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്
- അടുത്ത 100 വർഷത്തേക്കുള്ള ഭരണപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന രീതിയിലുള്ള കെട്ടിടമാകും നിർമിക്കുക.
ചെന്നൈ : തമിഴ്നാട്ടിൽ പുതിയ നിയമസഭാ മന്ദിരം നിർമ്മിക്കാൻ ടിവികെ സർക്കാർ. 1200 കോടി ചെലവിൽ 20 ലക്ഷം ചതുരശ്ര അടിയിൽ ചെന്നൈയിൽ പുതിയ നിയമസഭ- സെക്രട്ടേറിയറ്റ് സമുച്ചയം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. തമിഴ്നാട് നിയമസഭയിൽ റൂൾ 110 പ്രകാരം നടത്തിയ സുപ്രധാന പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.അടുത്ത 100 വർഷത്തേക്കുള്ള ഭരണപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന രീതിയിലുള്ള കെട്ടിടമാകും നിർമിക്കുക. അത്യാധുനിക സൗകര്യങ്ങൾക്ക് പുറമേ, പുതിയ സമുച്ചയത്തോട് അനുബന്ധിച്ച് വിപുലമായ പാർക്കിങ് സംവിധാനം, കോൺഫറൻസ് ഹാളുകൾ, പൊതുജനങ്ങൾക്കുള്ള സേവനങ്ങൾക്കായി പ്രത്യേക കേന്ദ്രങ്ങൾ, സർക്കാർ ജീവനക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ തുടങ്ങിയവയുമുണ്ടാകും.

നിലവിൽ ചെന്നൈ സെന്റ് ജോർജ് ഫോർട്ടിലാണ് തമിഴ്നാട് സെക്രട്ടേറിയേറ്റും നിയമസഭയും പ്രവർത്തിക്കുന്നത്. 107 ഏക്കറിലുള്ള സെന്റ് ജോർജ് ഫോർട്ടിൻ്റെ നാല് ഏക്കർ മാത്രമാണ് തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിലുള്ളത്.അതേസമയം പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയം എവിടെയാണ് നിർമ്മിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവിലെ ഭരണകേന്ദ്രമായ സെന്റ് ജോർജ് കോട്ടയിലെ സ്ഥലപരിമിതിയും ഗതാഗതക്കുരുക്കും മറികടക്കാനും, ജനസൗഹൃദ ഭരണസംവിധാനം ഉറപ്പാക്കാനുമാണ് പുതിയ സമുച്ചയം നിർമ്മിക്കുന്നതെന്ന് വിജയ് പറഞ്ഞു. പുതിയ നിയമസഭ-സെക്രട്ടറിയേറ്റ് സമുച്ചയത്തിനൊപ്പം ചെന്നൈയിൽ ലോകനിലവാരത്തിലുള്ള ഒളിംപിക് സിറ്റിയും മോട്ടോർ സ്പോർട്സ് സിറ്റിയും നിർമ്മിക്കുമെന്നും മുഖ്യമന്ത്രി വിജയ് പ്രസ്താവിച്ചിട്ടുണ്ട്.
