
ചോദ്യപേപ്പർ ചോർച്ച കേസ്; സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യമില്ല
- സ്‌കൂൾ പ്യൂണിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു
കൊച്ചി :പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി എംഎസ് സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് മുൻകൂർ ജാമ്യമില്ല. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി. ചോദ്യപേപ്പർ വാട്‌സാപ്പിലൂടെ അധ്യാപകന് ചോർത്തി നൽകിയ സ്‌കൂൾ പ്യൂണിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്.

ഇംഗ്ലീഷ്, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് യൂട്യൂബ് ചാനലിന് മലപ്പുറം മേൽമുറിയിലെ മഅ്ദിൻ ഹയർ സെക്കന്ററി സ്‌കൂളിലെ പ്യൂണായ അബ്ദുൽ നാസർ ചോർത്തി നൽകിയത്.അൺ എയ്‌ഡഡ് സ്‌കൂളാണിത്. മുന്നേ ഇതേ സ്കൂളിൽ ഹെഡ്‌മാസ്റ്റർ ആയിരുന്ന എം എസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദിനാണ് പ്രതി ചോദ്യപേപ്പറുകൾ ചോർത്തി നൽകിയത്.അന്വേഷണസംഘം പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഇവർക്ക് എംഎസ് സൊലൂഷസിൽ നിന്നും ലഭിച്ച പണത്തിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.