
ജന്മിത്തവുമായി ബന്ധപ്പെട്ട എല്ലാ ഭൂമി കേസുകളും പരിഹരിക്കും- മന്ത്രി കെ. രാജൻ
- ഒക്ടോബർ 25 മുതൽ നവംബർ 15 വരെ എല്ലാ ജില്ലകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് നടത്തും
കോഴിക്കോട് : 2026 ജനുവരി ഒന്നോടെ ജന്മിത്തവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന,
ലാൻഡ് ട്രിബ്യൂണലിൽ ഉള്ള എല്ലാ കേസുകളും പരിഹരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് റവന്യു മന്ത്രി കെ.രാജൻ.
സംസ്ഥാന സർക്കാരിന്റെ നാലാം നൂറ് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പട്ടയമേളയിൽ കോഴിക്കോട് ജില്ലാതല പട്ടയമേള കോവൂർ പി കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജന്മിത്തവുമായി ബന്ധപ്പെട്ടതും ലാൻഡ് ട്രിബ്യൂണലിൽ
ഉള്ളതുമായ ഭൂമി കേസുകളിൽ കാരായ്മ കേസുകളും ഉൾപ്പെടും. കോഴിക്കോട് ജില്ലയിൽ ഇത്തരത്തിൽ 560 കാരായ്മ കേസുകളുണ്ട്. ഇവയെല്ലാം 2026 ജനുവരി ഒന്നോടെ തീർപ്പാക്കും.
ഭൂമി തരംമാറ്റ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒക്ടോബർ 25 മുതൽ നവംബർ 15 വരെ എല്ലാ ജില്ലകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് നടത്തും. അദാലത്തിൽ 25 സെൻറ് വരെയുള്ള സ്ഥലങ്ങളുടെ ഭൂമി തരംമാറ്റത്തിൽ പരിഹാരം കാണും.
മലബാറിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നമാണ് നികുതി കെട്ടാത്ത ഭൂമി. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും തൃശ്ശൂരിന്റെ ചില ഭാഗങ്ങളിലുമായി പതിനായിരക്കണക്കിന് ഇത്തരം കേസുകളുണ്ട്. ഇവ പരിശോധിച്ച് അർഹതയുള്ള ഭൂമി കണ്ടെത്തി അവയ്ക്കു നികുതിയടച്ച് നിയമാനുസൃതമാക്കുന്ന പ്രവൃത്തി ഈ വർഷം തന്നെ സാധ്യമാക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു.