
ജില്ലയിൽ നാളെ 43,904 പേർ എസ്.എസ്.എൽ.സി പരീക്ഷയെഴുതും
- മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി ആകെ 204 പരീക്ഷകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്
കോഴിക്കോട്:നാളെ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയിൽനിന്ന് 43,904 പേർ പരീക്ഷയെഴുതും. മൂന്നു വിദ്യാഭ്യാസ ജില്ലകളിലായി ആകെ 204 പരീക്ഷകേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലാണ് ഉള്ളത് താമരശ്ശേരി 72. കോഴിക്കോട് 70. വടകര 64 എന്നിങ്ങനെയാണ്. ഏറ്റവും കുറവ് കേന്ദ്രങ്ങളുള്ള വടകര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കിരിക്കുന്നത്. വടകര 16,022 കുട്ടികളും കോഴിക്കോട് 12,688 കുട്ടികളും താമരശ്ശേരി 15,194 പേരും പരീക്ഷയെഴുതും.

ജില്ലയിൽ മൊത്തം ഏഴ് കുട്ടികൾ പ്രൈവറ്റായി പരീക്ഷ എഴുതുന്നു. ഭിന്നശേഷി വിഭാഗത്തിൽ 1500ലധികം കുട്ടികൾക്ക് ബോർഡ്സർട്ടിഫിക്കറ്റ് ലഭ്യമായതിനാൽ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ചീഫ്, ഡെപ്യൂട്ടി ചീഫ്, ഇൻവിജിലേറ്റർമാരുടെ നിയമനം പൂർത്തിയാക്കി. ജില്ലയിൽ പരീക്ഷ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിരിക്കുന്നത് മൊത്തം 3000 അധ്യാപകരെയാണ്. ചോദ്യപേപ്പറുകൾ പരീക്ഷാ ദിവസങ്ങളിൽ സെന്ററുകളിൽ എത്തിക്കുവാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മോണിറ്ററിങ് ഭാഗമായി ഡിപ്പാർ ട്ട്മെന്റ് തലത്തിലും പൊതു വിദ്യാഭ്യാസ ഡയറക്ടർ തലത്തിലും വിദ്യാഭ്യാസ ഉപഡയറക്ടർ തലത്തിലും സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്.