
ജില്ലാ പദ്ധതി പരിഷ്കരണം: കരട് പദ്ധതി നവംബർ 30 നകം
- നൂതന ആശയങ്ങൾ സ്വരൂപിച്ച് വിശദമായ ചർച്ചകൾക്ക് ശേഷമാണ് കരട് പദ്ധതി തയ്യാറാക്കുക
കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ സമഗ്ര വികസന പരിപാടി ആവിഷ്ക്കരിക്കുന്നതിനുള്ള വിശദമായ രൂപരേഖയായ ജില്ലാ പദ്ധതിയുടെ കരട് പദ്ധതി നവംബർ 30 നകം തയ്യാറാക്കും. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ ചേർന്ന ജില്ലാ പദ്ധതി പരിഷ്കരണ കൂടിയാലോചന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ പ്രാധാന്യമർഹിക്കുന്ന പദ്ധതികൾ, സംസ്ഥാനതലത്തിൽ ബജറ്റിൽ ഉൾപ്പെടുത്തി തുക അനുവദിക്കേണ്ട പദ്ധതികൾ, ഊന്നൽ നൽകേണ്ട മേഖലകൾ തുടങ്ങിയവ ഉൾപ്പെടുത്തി ജില്ലാ ആസൂത്രണ സമിതി വിഭാവനം ചെയ്യുന്ന ദീർഘകാല സമഗ്ര വികസന രേഖയാണ് സർക്കാറിന് സമർപ്പിക്കേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി പറഞ്ഞു.

പദ്ധതി തയ്യാറാക്കുന്നതിനായി ജില്ല ആസൂത്രണസമിതി അംഗങ്ങൾ അധ്യക്ഷരായും ഓരോ വിഷയത്തിലെയും വിദഗ്ധർ ഉപാധ്യക്ഷരായും അതാത് വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ കൺവീനർമാർമാരുമായുള്ള 25 ഉപസമിതികൾ രൂപീകരിച്ചു.കൺവീനർമാർക്ക് നവംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ പരിശീലനം നൽക്കും. ആധികാരികമായ കണക്കുകളുടെ അടിസ്ഥാനത്തിൽ നൂതന ആശയങ്ങൾ സ്വരൂപിച്ച് വിശദമായ ചർച്ചകൾക്ക് ശേഷമാണ് കരട് പദ്ധതി തയ്യാറാക്കുക. ഇതിൽ അഭിപ്രായരൂപീകരണം, ജില്ലാ വികസന സെമിനാർ എന്നിവയ്ക്ക് ശേഷം പദ്ധതി അംഗീകാരത്തിനായി നൽകും. യോഗത്തിൽ സർക്കാർ നോമിനി എ. സുധാകരൻ, ആസൂത്രണ സമിതി അംഗങ്ങളായ സി. എം.ബാബു, വി.പി. ഇബ്രാഹിംകുട്ടി, അംബിക മംഗലത്ത്, എൻ. എം.വിമല, ഐ.പി. രാജേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ സി. പി. സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.