
ജൈനക്ഷേത്രത്തിൽ മര്യാദാമഹോത്സവം
- ഭിക്ഷുക്കളും ആചാര്യപരമ്പരയും ദീർഘകാല തപസ്യയിലൂടെ സ്വായത്തമാക്കിയ ശക്തിയും ബലവും ഭക്തർക്ക് ലഭിക്കുന്നത് സാധനയിലൂടെയാണെന്ന് മുനി ശ്രീ രശ്മികുമാർ ആധ്യാത്മിക പ്രഭാഷണത്തിൽ പറഞ്ഞു.
കോഴിക്കോട് : അഹിംസയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളിലൂടെ മാനവ ഐക്യത്തിനും വിശ്വശാന്തിക്കും വേണ്ടി ജൈനമതവിശ്വാസികൾ നടത്തുന്ന ശ്രമം ശ്ലാഘനീയമാണെന്ന് എം.കെ. രാഘവൻ എം പി. ജൈനമതക്ഷേത്രത്തിൽ മര്യാദാമഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഗ പ്രധാൻ ആചാര്യശ്രീ മഹാശ്ര മൺജിയുടെ ശിഷ്യരായ മുനി ശ്രീ രശ്മികുമാറും മുനി ശ്രീ പ്രിയാംശു കുമാറും ശ്രാവണ ബെലഗോളയിൽ നിന്നുള്ള സ്വാമി ബാവൻ കീർത്തി ബഠാരകും മഹോത്സവത്തിൽ പങ്കെടുത്തു.
ഭിക്ഷുക്കളും ആചാര്യപരമ്പരയും ദീർഘകാല തപസ്യയിലൂടെ സ്വായത്തമാക്കിയ ശക്തിയും ബലവും ഭക്തർക്ക് ലഭിക്കുന്നത് സാധനയിലൂടെയാണെന്ന് മുനി ശ്രീ രശ്മികുമാർ ആധ്യാത്മിക പ്രഭാഷണത്തിൽ പറഞ്ഞു. നന്മയും മര്യാദയും പാലിക്കുന്നത് സമൂഹത്തിൽ ഐശ്വര്യവും പുരോഗതിയുമുണ്ടാക്കും.
മര്യാദയുടെ ലക്ഷ്മണരേഖ ലംഘിച്ചതാണ് സീതക്ക് വിനയായത്. മര്യാദയുടെ സീമകൾ ലംഘിക്കരുതെന്ന വലിയപാഠമാണ് നമുക്ക് പുരാണേതിഹാസങ്ങൾ പകർന്നു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജീവ്ജെയിൻ അധ്യക്ഷത വഹിച്ചു. വനിതകൾ അവതരിപ്പിച്ച ലഘുനാടകവുമുണ്ടായിരുന്നു.
CATEGORIES News