
തിരുവനന്തപുരം-പോത്തന്നൂർ എക്സ്പ്രസ് നിർത്തിവച്ചു
- ജൂൺ 3 മുതൽ പ്രത്യേക സർവീസായി ഓടിത്തുടങ്ങിയെങ്കിലും രണ്ട് ട്രിപ്പുകൾക്ക് ശേഷം അവസാനിപ്പിക്കുകയായിരുന്നു
കൊല്ലം : തെക്കൻ കേരളത്തിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരുവനന്തപുരം-പോത്തന്നൂർ എക്സ്പ്രസ് സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നിർത്തിവച്ചു. ചെങ്കോട്ട-പളനി വഴി കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന ഏക ട്രെയിനായിരുന്ന ഇത്. ജൂൺ 3 മുതൽ പ്രത്യേക സർവീസായി ഓടിത്തുടങ്ങിയെങ്കിലും രണ്ട് ട്രിപ്പുകൾക്ക് ശേഷം അവസാനിപ്പിക്കുകയായിരുന്നു. സാധാരണയായി പ്രത്യേക ട്രെയിനുകൾക്ക് യാത്രക്കാരുടെ പ്രതികരണം വിലയിരുത്തിയ ശേഷം കാലാവധി നീട്ടുകയോ സ്ഥിരം സർവീസായി മാറ്റുകയോ ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ അത്തരമൊരു നടപടിയും ഉണ്ടായില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്നായിരു ന്നു വിലയിരുത്തൽ.

ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ വ്യാഴാഴ് പുലർച്ചെ 3.58-ന് പളനിയിലും രാവിലെ 6.45-ന് പോത്തന്നൂരിലും എത്തുന്ന രീതിയിലായിരുന്നു സമയക്രമം. മീറ്റർ ഗേജ് കാലത്ത് കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ ഉണ്ടായിരുന്ന കോയമ്പത്തൂർ സർവീസിന്റെ പകരക്കാരനായി പുതിയ ട്രെയിനെ യാത്രക്കാർ കണ്ടിരുന്നു.എന്നാൽ നിലവിലെ സമയക്രമം യാത്രക്കാർക്ക് സൗകര്യപ്രദമല്ലെന്ന വിമർശനം ഉയർന്നു. വൈകുന്നേരങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാവിലെ പളനിയിലെത്തുന്ന രീതിയിൽ സമയം പുനഃക്രമീകരിച്ച് സർവീസ് തുടരണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇപ്പോൾ തെക്കൻ കേരളത്തിൽ നിന്ന് പളനിയിലേക്ക് നേരിട്ട് ലഭ്യമായ പ്രധാന ട്രെയിൻ അമൃത എക്സ്പ്രസ് മാത്രമാണ്. പാലക്കാട് വഴി ദീർഘദൂരം സഞ്ചരിക്കുന്ന ഈ ട്രെയിനിൽ ടിക്കറ്റ് ലഭിക്കുക തന്നെ പ്രയാസമായ സാഹചര്യമാണ്.
