
യെച്ചൂരി: തീക്ഷ്ണം, സൗമ്യം
- രാജ്യസഭയിൽ എംപിയായിരിക്കെ എതിരാളികളുടെ പോലും ആദരവ് ഏറ്റുവാങ്ങിയ സാമാജികനായിരുന്നു സീതാറാം യെച്ചൂരി. അദ്ദേഹത്തെ ഇനിയും സഭയിൽ വേണമെന്ന് ബിജെപിയുടെയും കോൺഗ്രസിന്റെയും അംഗങ്ങൾ പറയുകയുണ്ടായി
ഇന്ത്യൻ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ പകരക്കാരനില്ലാത്ത നേതാവായിരുന്നു സീതാറാം യെച്ചൂരി. പാർട്ടിക്ക് പുറത്ത് ദേശീയ രാഷ്ട്രീയത്തിലും ലോക കമ്യൂണിസ്റ്റ് നേതാക്കൾക്കിടയിലും സുസമ്മതനായ കമ്യൂണിസ്റ്റ് ലീഡർ. പോരാട്ട വീര്യമുള്ള തെലുങ്കാനയുടെ മണ്ണിൽ ജനിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ
വളർന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) ദേശീയ ജനറൽ സെക്രട്ടറി പദവിയിലെത്തിയത് ത്യാഗോജ്വലമായ പ്രവർത്തന വഴിയിലൂടെ.

ആന്ധ്രയിലെ തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ സോമയാജലു യെച്ചൂരിയുടെയും കൽപകം യെച്ചൂരിയുടെയും മകനായി1952 ആഗസ്റ്റ് 12-ന് ചെന്നൈയിൽ ജനനം. 1969 ലെ തെലങ്കാന പ്രക്ഷോഭമാണ് അദ്ദേഹത്തെ ഡൽഹിയിലെത്തിച്ചത്.
ജെഎൻയു വിദ്യാർത്ഥിയായിരിക്കെ അടിയന്തരാവസ്ഥക്കെതിരെ ഉജ്ജ്വലമായ പോരാട്ടം നടത്തി അറസ്റ്റും ജയിൽ വാസവും വരിച്ചു. 1978 മുതൽ എസ്‌എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി. 85 മുതൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം. 92 മുതൽ പൊളിറ്റ് ബ്യൂറോയിൽ. 2015 ൽ വിശാഖ പട്ടണത്ത് നടന്ന
21ാം പാർട്ടി കോൺഗ്രസിലാണ് സിപിഐഎം ജനറൽ സെക്രട്ടറിയായി യെച്ചൂരി ചുമതലയേറ്റത്. രാജ്യസഭയിൽ എംപിയായിരിക്കെ എതിരാളികളുടെ പോലും ആദരവ് ഏറ്റു വാങ്ങിയ സാമാജികനായിരുന്നു യെച്ചൂരി. അദ്ദേഹത്തെ ഇനിയും സഭയിൽ വേണമെന്ന് ബിജെപിയുടെയും കോൺഗ്രസിന്റെയും അംഗങ്ങൾ പറയുകയുണ്ടായി.

ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയ കാലത്താണ് സിപിഐഎമ്മിൻ്റെ അമരക്കാരനായി യെച്ചൂരി എത്തുന്നത്. കമ്പോള സമ്പദ് വ്യവസ്ഥ സർവ മേഖലകളിലും പിടിമുറുക്കുകയും തൊഴിലാളി പ്രസ്ഥാനങ്ങൾ ദുർബലപ്പെടുകയും ചെയ്ത ഇക്കാലത്ത് പാർട്ടിയെ കെട്ടുറപ്പോടെ നയിക്കുക എന്ന വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു. എതിരാളികളെ പോലും വശീകരിക്കുന്ന തന്ത്രജ്ഞതയും പെരുമാറ്റത്തിലെ സൗമ്യതയും അദ്ദേഹത്തിന് ജനകീയനായ കമ്യൂണിസ്റ്റ് നേതാവെന്ന അംഗീകാരം നേടിക്കൊടുത്തു.

നിരവധി ലോക കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനങ്ങളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായി പങ്കെടുത്തിരുന്ന യെച്ചൂരി ആഗോള തലത്തിൽ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലും പ്രയോഗത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും
പുതുചിന്തകളും ഉൾക്കൊള്ളാൻ തയ്യാറായി. ആ മാറ്റങ്ങൾ സിപിഐ എമ്മിൻ്റെ നയപരിപാടികളിലേക്ക് കൊണ്ടുവരാനും ശ്രമിച്ചു. ലോക മാർക്സിസ്റ്റ് നേതാക്കളുമായും
സാമൂഹ്യ ശാസ്ത്ര രംഗത്തെ പുതിയ ചിന്താധാരകളുമായും അദ്ദേഹം അടുപ്പം പുലർത്തി. മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള ഈ വീക്ഷണ വിശാലതയാണ് അദ്ദേഹത്തിന് ജനകീയനായ കമ്യൂണിസ്റ്റ് നേതാവെന്ന പ്രതിഛായ നൽകിയത്.

മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ ഭരണമേറ്റ യുപിഎ സർക്കാരുമായി
സിപി ഐഎം സഹകരിക്കുന്നതിലും പൊതു മിനിമം പരിപാടിക്ക് രൂപം നൽകുന്നതിലും യെച്ചൂരിയുടെ നേതൃപാടവം സുപ്രധാനമായിരുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ രാഷ്ട്രീയം ഭരണത്തിലേറുകയും രാജ്യം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയും ചെയ്ത ഘട്ടത്തിൽ
മൂന്നാം ബദൽ കെട്ടിപ്പടുക്കുക ശ്രമകരമായ ദൗത്യമായിരുന്നു. എന്നാൽ പാർട്ടിയിൽ ഹർകിഷൻ സിംഗ് സുർജിത്തിൻ്റെ അടുത്ത അനുയായി ആയിരുന്ന യെച്ചൂരി, ജനാധിപത്യത്തിൻ്റെയും മതനിരപേക്ഷതയുടേയും രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതിൽ സമവായത്തിൻ്റെ വഴികളിൽ അക്ഷീണം പ്രയത്നിച്ചു.

യെച്ചൂരി ചിലപ്പോഴെല്ലാം സിപിഐ എമ്മിൻ്റെയും കോൺഗ്രസിൻ്റെയും ഇരട്ട സെക്രട്ടറിയായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ഒരിക്കൽ പറയുകയുണ്ടായി. അത്തരമൊരു ശ്രമകരമായ ദൗത്യത്തിനിടയിൽ നിന്നാണ്, ജനാധിപത്യ മതേതര ഇന്ത്യയെ സ്നേഹിക്കുന്ന ജനലക്ഷങ്ങളെ ദുഃഖത്തിലാഴ്ത്തി
ആ പോരാളി വിടവാങ്ങുന്നത്.അന്ത്യാഭിവാദ്യങ്ങൾ, പ്രിയ സഖാവേ.