
ദേശീയപാത നിർമാണത്തിൽ മാനദണ്ഡങ്ങൾ കടുപ്പിച്ച് എൻ എച്ച് എ ഐ
- മാനദണ്ഡങ്ങൾ ലംഘിച്ച് ഉപകരാർ നൽകുന്നത് തടയാനും മൂന്നാംകക്ഷികളുടെ ഇടപെടൽ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടികൾ
ന്യൂഡൽഹി: ദേശിയ പാത പദ്ധതികളുടെ നിലവാരം മെച്ചപ്പെടുത്താൻ ആർഎഫ്പി വ്യവസ്ഥകൾ കർശനമാക്കി ദേശീയപാത അതോറിറ്റി. മാനദണ്ഡങ്ങൾ ലംഘിച്ച് ഉപകരാർ നൽകുന്നത് തടയാനും മൂന്നാംകക്ഷികളുടെ ഇടപെടൽ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടികൾ. കേരളത്തിലടക്കം ദേശീയപാത നിർമാണത്തിൽ പാളിച്ചകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നീക്കം.ലേലത്തിൽ പങ്കെടുക്കാനുള്ള യോഗ്യതകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുകയാണ് ദേശീയപാത അതോറിറ്റി.

സമാന ജോലി എന്ന മാനദണ്ഡം ദുരുപയോഗം ചെയ്ത് പല വൻകിട പദ്ധതികളും ചെറു കരാറുകാർ സ്വന്തമാക്കിയിരുന്നു. ഇത് തടയാൻ നിർവചനത്തിന് കൂടുതൽ വ്യക്തത വരുത്തി. ലേലം ക്ഷണിച്ച പദ്ധതിക്ക് തുല്യമായ നിർമാണ പ്രവൃത്തി പൂർത്തീകരിച്ചവരെ മാത്രമെ ഇനി പരിഗണിക്കുകയുള്ളു.കരാറുകാരന്റെയോ അവരുടെ അംഗീകൃത സ്ഥാപനങ്ങളുടെയും രേഖകൾ മാത്രമെ സ്വീകരിക്കു എന്നും എൻഎച്ച്എഐ വ്യക്തമാക്കി.കേരളത്തിൽ കൂരിയാടടക്കം പലയിടത്തും ദേശീയപാത തകർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽകൂടിയാണ് ദേശീയപാത അതോറിറ്റി നിലപാട് കടുപ്പിക്കുന്നത്.
