
നിപ; കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തേക്ക്
- സംഘത്തിൽ നാല് ഐസിഎംആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരും
കോഴിക്കോട്: മലപ്പുറത്ത് നിപ വയറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത് എത്തിചേരും. നാല് ഐസിഎംആർ ശാസ്ത്രജ്ഞരും രണ്ട് സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിൽ ഉണ്ടാകുക.
നിപ ബാധിച്ച് മരിച്ച 14കാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ ഇന്ന് തന്നെ ആരംഭിക്കും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ലാബ്-ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
നിപ വൈറസിന്റെ ഉറവിടം തേടിയുള്ള പരിശോധന ഇന്നും തുടരുന്നതാണ്. ഞായറാഴ്ച പ്രത്യേക സംഘം കുട്ടി സഞ്ചരിച്ച ഇടങ്ങളിലെല്ലാം പരിശോധിച്ചിരുന്നു. കൂട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാന ത്തിലാണ് ആരോഗ്യ വകുപ്പ് ഉറവിടം കണ്ടെത്താനായി ശ്രമിക്കുന്നത്.

നിപ സ്ഥിരീകരിച്ച സമയത്ത് കുട്ടി അബോധാവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ് പുറത്തുനിന്ന് കഴിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. അതേ സമയം നാട്ടിലെ മരത്തിൽനിന്ന് കുട്ടി അമ്പഴങ്ങ കഴിച്ചതായി മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ പരിധിയിൽ വവ്വാലുകൾ വരാറുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
അതേസമയം, നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ മൃതദേഹം ആരോഗ്യവകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇന്നലെ വൈകീട്ട് 7.30ഓടെ ഒടോമ്പറ്റ പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.