
നിപയിൽ ആശ്വാസം: 11 പേരുടെ പരിശോധന ഫലവും നെഗറ്റീവ്
- നിലവിൽ 15 പേരാണ് ആശുപത്രിയിൽ കഴിയുന്നത്
മലപ്പുറം: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കളുടേത് ഉൾപ്പെടെ തിങ്കളാഴ്ച പരിശോധിച്ച 11 പേരുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ്. നിലവിൽ 15 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. കുട്ടിയെ ചികിത്സിച്ച നഴ്സ് ഉൾപ്പെടെ രണ്ട് പേർ നിരീക്ഷണത്തിലാണ്.
നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്
ഇതിൽ 194 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. ഇതിൽ 139 പേരും ആരോഗ്യ പ്രവർത്തകരാണ്. 7239 വീടുകളിൽ സർവേ നടത്തിയതിൽ 439 പേർക്ക് പനിയുണ്ട്. ഇതിൽ നാലുപേർ മാത്രമാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കമുള്ളത്.
കേന്ദ്ര സംഘം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം വാവ്വാലുകളിൽ കണ്ടെത്തിയ അതേ വകഭേദമാണ് പാണ്ടിക്കാട്ടെ കുട്ടിയുടെ ശരീരത്തിലും പ്രവേശിച്ചത്. നിപയുടെ പശ്ചാത്തലത്തിൽ സംസ്ഥാന അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ വകുപ്പ് പരിശോധനകൾ തുടങ്ങിയിട്ടുണ്ട്. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉള്ളവരെ തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കുന്നില്ല.