
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമാക്കി സംസ്ഥാനത്തെ മുന്നണികൾ
- തങ്ങൾ വിജയം ഉറപ്പിച്ചതായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാധ്യമങ്ങളോട് പ്രതികരിച്ചു.
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമാക്കി സംസ്ഥാനത്തെ മുന്നണികൾ.മണ്ഡലങ്ങളിലെ വോട്ടർമാരെയെല്ലാം നേരിട്ട് കണ്ട് വോട്ട് ചോദിക്കാനായതിന്റെ ആശ്വാസത്തിലാണ് പാർട്ടി, മുന്നണി നേതാക്കൾ. മറ്റന്നാൾ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ്. ആരോപണ-പ്രത്യാരോപണങ്ങൾ ഉയർത്തി കളംനിറഞ്ഞുള്ള കളികളിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മുന്നണികൾ.മൂന്നാഴ്ച നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശത്തോടെ അവസാനമായത്. കടുത്ത വേനൽചൂടിനെ വകവെക്കാതെ റോഡ് ഷോകളും കൺവെൻഷനുകളും നേരിട്ടുള്ള വോട്ട് തേടലുമായി പ്രചാരണം ശക്തമാക്കിയതോടെ സമാനതകളില്ലാത്ത രാഷ്ട്രീയ ആവേശത്തിലേക്കാണ് നാട് മാറിയത്. തങ്ങൾ വിജയം ഉറപ്പിച്ചതായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മാധ്യമങ്ങളോട് പ്രതികരിച്ചു

.മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു എൽഡിഎഫ് പ്രചാരണജാഥാ ക്യാപ്റ്റൻ. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പ്രചാരണത്തിന് നേതൃത്വം നൽകുകയുണ്ടായി. യുഡിഎഫിന് വേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് ദേശീയനേതാക്കളും കളത്തിലിറങ്ങി. ബിജെപിക്ക് വേണ്ടി നാലിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തി. സംസ്ഥാനത്തെ നിരവധി വിഷയങ്ങൾ പ്രചാരണരംഗത്ത് ചർച്ചയായി. ബിജെപി-സിപിഎം ഡീൽ ആരോപിച്ച് പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ചു. ചെറ്റത്തരവും, വീട്ടിൽ പോയി ചോദിക്കൂ എന്നെല്ലാമുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങളും പ്രചാരണരംഗത്ത് ചർചയായി.എന്നാൽ, വയനാട് പുനരധിവാസത്തിന് പിരിച്ച ഫണ്ട് എവിടെയെന്ന ചോദ്യങ്ങൾ എൽഡിഎഫ് ഉയർത്തി. എം.സ്വരാജിന്റെ ശവംതൂക്ക് പരാമർശവും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വലിയ ചർച്ചാവിഷയമായിരുന്നു.
<
