നീലക്കുറിഞ്ഞികൾ മാടി വിളിക്കുന്ന മൂന്നാർ മലനിരകൾ…

നീലക്കുറിഞ്ഞികൾ മാടി വിളിക്കുന്ന മൂന്നാർ മലനിരകൾ…

  • . 12 വർഷം കഴിഞ്ഞ് മണ്ണിലുയർന്ന് പൂക്കളുടെ ചേതോഹരമായ ദൃശ്യഭംഗി തീർക്കുന്ന ഇവരൊക്കെ പ്രകൃതിയുടെ ധന്യത വിളംബരം ചെയ്യുകയാണ്

മുന്നാറിലെ മലനിരകളിൽ നീലക്കുറിഞ്ഞി വസന്തം വിരിഞ്ഞെന്ന് കണ്ടപ്പോൾ ഉടനെ രവിയണ്ണൻ എന്ന് ഞങ്ങൾ വിളിക്കുന്ന രവീന്ദ്രൻ സാറിനെ വിളിക്കാൻ അവൻ മൊഴിഞ്ഞു. മുന്നാർ ടൗണിൽ താമസിക്കുന്ന റിട്ട. HS രവീന്ദ്രൻ സാറിന് മുന്നാറിൻ്റെ മുക്കും മൂലയും അറിയാം. കൂടാതെ പുള്ളിയുടെഹോം സ്റ്റേകൾ അവിടെയുണ്ട് താനും. താനിങ്ങ് പോര്.ഇവിടെ എല്ലാ കാര്യങ്ങളും റെഡിയായിരിക്കും എന്ന മറുപടിയും വന്നു. ഞങ്ങളുടെ ടൂർ ടീമിലെ കുടുംബാംഗങ്ങൾ എപ്പഴേ റെഡി. എൻ്റെ കൊച്ചുമോൻ്റെ ആദ്യത്തെ ടൂർ വ്യാഴാഴ്ച രാത്രി പുറപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ മൂന്നാർ ബൈപ്പാസിലെ തോക്കുപാറയിലെ ഹോംസ്റ്റേയിൽ എത്തി. നേർത്ത കോടമഞ്ഞ് തഴുകി തലോടി.
മുന്നാറിലെ മലനിരകളിൽ പലയിടത്തായി ഇത്തവണ നീലകുറിഞ്ഞികൾ പൂത്തിരിക്കുന്നു. പൊക്രമുടി, പള്ളിവാസൽ, ചിന്നക്കനാൽ, കൊരണ്ടക്കാട് എന്നിവിടങ്ങളിൽ നീലപുതപ്പിച്ച് കുറിഞ്ഞികൾ വിടർന്നിരിക്കുന്നു. മുന്നാർ ടൗണിൽ റോഡരികിൽ ഉയരമുള്ള മൺതിട്ടയിൽ രണ്ട് ചെടികൾ പൂത്തിരിക്കുന്നത് കാണാം.ട്രക്കിങ്ങ് താല്പര്യമുള്ളവരെ ചൊക്ര മുടിയാണ് ചാരുതയോടെ വരവേൽക്കുക. ഫാമിലിയായിട്ട് പോകുന്നവർക്ക് കയറിയെത്താൻ പ്രയാസമാണെന്ന് മാത്രം. ഇതേ പോലെ പള്ളിവാസലും ചിന്നക്കനാലും കയറാം,സാഹസികതയുണ്ടെങ്കിൽ മാത്രം. മാട്ടുപ്പെട്ടി ഡാം റൂട്ടിൽ മൂന്നാറിൽ നിന്നും 5 K m അകലെയായുള്ള കൊരണ്ടക്കാട് മലകളിൽ നീലിമയോടെ കുറിഞ്ഞി വസന്തം നമ്മെ ത്രസിപ്പിക്കും. ഒഴിവു ദിവസങ്ങളിൽ മുന്നാറിൽ നല്ല തിരക്കാണ് ഇപ്പോൾ. റോഡുകളിൽ ട്രാഫിക്ക് അത്ര സുഖകരമാകില്ല. ചിലപ്പോൾ മണിക്കൂറുകളോളം കുടുങ്ങിപ്പോകും. വെള്ളിയാഴ്ച ആയതിനാൽ ഞങ്ങൾ വലിയ തിരക്കില്ലാതെ മുന്നാറിലെ ടൗണിലെ ഉയർന്ന മൺതിട്ടയിലെ പൂത്തുലഞ്ഞ ചെടികൾ കണ്ട ശേഷം മാട്ടുപ്പെട്ടി ഡാം റൂട്ടിൽ യാത്രയായി. അകലെ മലയിൽ നിന്നും കോടമഞ്ഞ് ഉയർന്ന് പടരുന്നത് കാണാമായിരുന്നു. കുളിരാർന്ന കാറ്റ് വീശുന്നുമുണ്ടായിരുന്നു. തേയിലത്തോട്ടങ്ങൾ നിന്നോമ്‌ന വിതാനങ്ങളിൽ ചാരുതയോടെ നമ്മെ കാത്തിരിക്കുന്നു. കുളിർ വെള്ളം ഒഴുകിയിറങ്ങുന്ന ചാലുകൾ നിരവധിയായി കാണാം. വെയിലും നിഴലും ഇടകലർന്ന ആകാശം കുറച്ച് കഴിയുമ്പോൾ കടുംനീലയിൽ വെള്ളി മേഘങ്ങളുമായി വരുന്നതായി കാണാം. പച്ചയുടെ തളിരാർന്നതും നിബിഡമായതുമായ കാഴ്ചകൾ ഓടിമറയുന്നു. കൊരണ്ടക്കാട് മലയടിവാരത്തിൽ തിരക്ക് കുറവായിരുന്നു. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ചരിഞ്ഞ് കയറാനുള്ള പാകത്തിൽ പുതുതായി നിർമ്മിച്ച ചെമ്മൺ പാത നീണ്ടും വളഞ്ഞ് തിരിഞ്ഞും കയറിപ്പോകുന്നു. മിക്കവാറും പേർ കുത്തി നടക്കാൻ കമ്പുകൾ വഴിയിൽ നിന്നും എടുക്കുന്നുണ്ടായിരുന്നു. ഇടവിട്ട് ഓലമേഞ്ഞ വിശ്രമകേന്ദ്രങ്ങളും കൂടിവെള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. പക്ഷേ ടോയ്ലറ്റുകൾ ഇല്ലായെന്നത് അപര്യാപതതയാണ്. കുട്ടികളും പ്രായമായവരുമെല്ലാം ഇവിടെ ധാരാളമായെത്തുന്നുണ്ട് വനം വകുപ്പ് അനുമതിയില്ലാത്തതാണ് കാരണമെന്ന് കൗണ്ടറിൽ ഉള്ളവർ അറിയിച്ചു. നീണ്ട് കിടക്കുന്ന പാതയിൽ ചിലയിടങ്ങളിൽ ചെറു നീർച്ചാലുകൾ നമുക്ക് കുറുകെ കാണാം. തണൽ വിരിച്ച തോടിനു കുറുകെയുള്ള മരപ്പാലത്തിൽ സുഖദമായ തണുപ്പ്. കയറ്റം കയറുമ്പോൾ ക്ഷീണം അറിയില്ല. കയറിയെത്തിയപ്പോൾ മലനിരയാകെ പർപ്പിൾ നിറം പൂശിയതു പോലെ ഹൃദ്യമായ കാഴ്ച മുമ്പിൽ. വലിയ പാറയുടെ മകുടത്തിന് താഴെ പടർന്ന് കാറ്റിലുലഞ്ഞ് കുറുഞ്ഞിമലർത്തോട്ടം എത്രമേൽ പുളകം ചാർത്തുന്നു. ക്യാമറുകളുമായി എത്തിയവർ മതിയാകാതെ ദൃശ്യങ്ങൾ പകർത്തുന്നു. റീൽസുകളുടെ മൽസരത്തിലാണ് ജെൻസി കൾ. ഞങ്ങളുടെ കൂടെയുള്ള ജെൻസി കളും അൽഫകളും മടങ്ങാനുള്ള ഭാവമില്ല. നിന്നും ഇരുന്നും പൂക്കളെ തഴുകിയും ഫോട്ടോകൾ എടുത്ത് എല്ലാവരും അർമാദിക്കുന്നു. 12 വർഷം കഴിഞ്ഞ് മണ്ണിലുയർന്ന് പൂക്കളുടെ ചേതോഹരമായ ദൃശ്യഭംഗി തീർക്കുന്ന ഇവരൊക്കെ പ്രകൃതിയുടെ ധന്യത വിളംബരം ചെയ്യുകയാണ്. കുറച്ച് ദിവസങ്ങൾക്കു ശേഷം ഇവ മണ്ണിലമരുന്നു. വർഷങ്ങൾ കഴിഞ്ഞ് വീണ്ടും നീലവസന്തത്തിൻ്റെ മനോഹാരിത ഉണർത്താൻ വരുമെന്ന വാഗ്‌ദാനവുമായി. ഈ യാത്രയുടെ ഹർഷം നുകരാൻ കഴിഞ്ഞതിൽ നിറഞ്ഞ സംതൃപ്തിയിൽ ഞങ്ങൾ തിരികെയിറങ്ങി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus ( )