
നീർപക്ഷി കണക്കെടുപ്പ് ; ജില്ലയിൽ 135 ഇനം പക്ഷികളെ കണ്ടെത്തി
- ദേശാടനപ്പക്ഷികളുടെ എണ്ണം ക്രമേണ കുറയുന്നതായും ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും സർവേയ്ക്ക് നേതൃത്വം നൽകിയ പക്ഷിനിരീക്ഷകൻ സത്യൻ മേപ്പയ്യൂർ.
കോഴിക്കോട് : ജില്ലയിലെ വിവിധ തണ്ണീർത്തടങ്ങളിൽ നിരീക്ഷിച്ച് നടത്തിയ നീർപക്ഷി കണക്കെടുപ്പിൽ 135 ഇനം പക്ഷികളെ കണ്ടെത്തി. അതിൽ 36 ഇനം പക്ഷികൾ ദേശാടനപക്ഷികളാണ്. സരോവരം ബയോപാർക്ക്, മാവൂർ, കടലുണ്ടി, ചെരണ്ടത്തൂർ, കോരപ്പുഴ അഴിമുഖം, ആയഞ്ചേരി എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്. ഏഷ്യൻ നീർപ്പക്ഷി കണക്കെടുപ്പിന്റെ ഭാഗമായി മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, കോഴിക്കോട് ബേഡേഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടന്നത്.
മാവൂരിലെ വിശാലമായ തണ്ണീർത്തടങ്ങളിൽ ചെങ്ങാലിപ്രാവ്, കരിമ്പരുന്ത് തുടങ്ങി 80 വ്യത്യസ്തയിനം പക്ഷികളെ കണ്ടെത്തി. ഷമീർ കൊടിയത്തൂർ നേതൃത്വം നൽകി. കടലുണ്ടിയിൽ നടത്തിയ കണക്കെടുപ്പിൽ 23 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്. ഇവയിൽ 10 ഇനങ്ങൾ ദേശാടനപ്പക്ഷികളാണ്.
സരോവരം ബയോപാർക്കിൽ നടത്തിയ സർവേയിൽ ചാരവരിയൻ പ്രാവ്, കാക്കത്തമ്പുരാട്ടിക്കുയിൽ തുടങ്ങി 56 ഇനങ്ങളെയാണ് കണ്ടെത്തിയത്. ശ്രീജേഷ് നെല്ലിക്കോട്, കെ .എൻ. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ കണക്കെടുപ്പ്.
മത്സ്യബന്ധനബോട്ടുകളുടെ സാന്നിധ്യം ദേശാടനപ്പക്ഷികളുടെ വരവിനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്ന് സർവേ സംഘം വിലയിരുത്തി. ദേശാടനപ്പക്ഷികളുടെ എണ്ണം ക്രമേണ കുറയുന്നതായും ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും സർവേയ്ക്ക് നേതൃത്വം നൽകിയ പക്ഷി നിരീക്ഷകൻ സത്യൻ മേപ്പയ്യൂർ അഭിപ്രായപ്പെട്ടു. ആയഞ്ചേരിയിൽ പ്രശാന്ത് മാസ്റ്ററും കോഴപ്പുഴ അഴിമുഖത്ത് മുഹമ്മദ് ഹിറാഷും എലത്തൂരിൽ ജിജു വിനോദും ചെരണ്ടത്തൂരിൽ ജിതേഷ് നൊച്ചാടും നേതൃത്വം നൽകി.