
പണം കൈയിലുണ്ടോ ? വേണം അതീവ ശ്രദ്ധ
- 50,000ന് മുകളിൽ പണവുമായി യാത്ര ചെയ്യുമ്പോൾ ബാങ്ക് രസീത് നിർബന്ധം.
കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതിനാൽ അമ്പതിനായിരം രൂപയിൽ കൂടുതൽ പണവുമായി യാത്ര ചെയ്താൽ ഇനി പിടി വീഴാൻ സാധ്യത. ഉദ്യോഗസ്ഥസംഘങ്ങൾ ഏത് സമയവും വണ്ടിക്ക് കൈകാണിക്കുകയും പരിശോധന നടത്തുകയും ചെയ്യും. ബാങ്കിൽ നിന്നുള്ള രേഖ കയ്യിൽ ഇല്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടിയും വരും.
പണം എവിടെ നിന്ന് എങ്ങോട്ട് കൊണ്ടുപോവുന്നു എന്നതിൻ്റെ രേഖകളാണ് ഫ്ലയിങ് സ്ക്വാഡ് പരിശോധിക്കുമ്പോൾ നൽകേണ്ടത്. 10,000 രൂപയ്ക്കു മുകളിൽ മൂല്യമുള്ള മദ്യം ഉൾപ്പെടെയുള്ള സാധനങ്ങളും പിടിച്ചെടുക്കും. രാഷ്ട്രീയപ്പാർട്ടി നേതാക്കളും പ്രവർത്തകരുമാണ് പണം കൊണ്ടു പോവുന്നതെങ്കിൽ വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുപോവുകയാണെന്ന് വിലയിരുത്തിയാണ് നടപടി ഉണ്ടാവുക.
ഇത്തരം സാഹചര്യത്തിൽ ബാങ്കിലെ സ്ലിപ്പ് നിർബന്ധമാണ്. ബാങ്കിൽ നിന്ന് പണം പിൻവലിച്ചതിന്റെ സ്ലിപ്പ് ഉൾപ്പെടെയുള്ള രേഖകളാണ് പണം കൊണ്ടുപോവുമ്പോൾ കൈയിൽ കരുതേണ്ടത്.
ഇലക്ഷൻ സീഷർ മോണിറ്ററിങ് സിസ്റ്റം (ഇഎസ്എംഎസ്) എന്ന മൊബൈൽ
ആപ്പ് വഴിയാണ് ഇത് ഉദ്യോഗസ്ഥർ പരിശോധിക്കുക. എടിഎമ്മുകളിൽ നിറയ്ക്കാൻ പണവുമായി പോവുന്ന വാഹനങ്ങൾ, ബാങ്കിൽ നിന്ന് പണവുമായി പോവുന്ന വാഹനങ്ങൾ എന്നിവയിൽ ഈ ക്യുആർകോഡ് നിർബന്ധമാണ്. പരിശോധിക്കുമ്പോൾ രേഖകൾ കൈയിലില്ലെങ്കിൽ പിന്നീട് അത് എത്തിക്കാനുള്ള സൗകര്യമുണ്ട്. എല്ലാ ദിവസവും വൈകീട്ട് നാലുമണിക്ക് കളക്ടറേറ്റിൽ ചേരുന്ന അപ്പീൽ കമ്മിറ്റിയെ രേഖകളുമായി സമീപിക്കാം.
ഓരോ മണ്ഡലത്തിലും പരിശോധന
ഓരോ മണ്ഡലത്തിലും മൂന്നു സംഘങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ചെലവുകൾ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി കൊണ്ടുപോകുന്ന പണം, ലഹരി വസ്തുക്കൾ, പാരിതോഷികങ്ങൾ, ആയുധങ്ങൾ, എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനുമായി വിവിധ സ്ക്വാഡുകൾ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിങ് സെല്ലിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നോഡൽ ഓഫീസർ കെ.പി.മനോജൻ പറഞ്ഞു. ഫ്ലയിങ് സ്ക്വാഡാണ് ഇപ്പോൾ റോഡിലുള്ളത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന 28 മുതൽ സ്റ്റാറ്റിക് സർവൈസൻസ് ടീം പരിശോധന തുടങ്ങും.