
പരിഷ്കരണത്തിൽ എതിർപ്പ്; ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി
- കരിദിനമാചരിച്ച് ഡ്രൈവിങ് സ്കൂളുകൾ
കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തെത്തുടർന്ന് ജില്ലയിൽ ഇന്നലെയും ഇന്നും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. പുതിയ വ്യവസ്ഥപ്രകാരമുള്ള ട്രാക്കുകളും സൗകര്യങ്ങളും എവിടെയും ഒരുക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർ എത്തിയെങ്കിലും ടെസ്റ്റിനെത്തിയവർ മടങ്ങിപ്പോയി.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ഇറക്കിയ അശാസ്ത്രീയ സർക്കുലറിനെതിരേ പ്രതിഷേധ സൂചകമായി വിവിധ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഡ്രൈവിങ് സ്കൂൾ കോ-ഓർഡിനേഷൻ കമ്മിറ്റി ടെസ്റ്റ് ബഹിഷ്ക്കരിച്ച് കരിദിനം ആചരിച്ചു.
ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോ സിയേഷൻ, കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് സംഘ് (ബി.എം.എസ്.) ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നിർദ്ദേശപ്രകാരമുള്ള ഗ്രൗണ്ടുകൾ സജ്ജമാക്കാനുള്ള ധനസഹായം സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ഡ്രൈവിംഗ് സ്കൂളുകളുടെ വാദം. കൂടാതെ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പരിശോധനയ്ക്കും പഠനത്തിനും ഉപയോഗിക്കരുത് എന്ന നിർദ്ദേശം പ്രാവർത്തികമാക്കാനുള്ള സാവകാശം നൽകണമെന്നുമാണ് ഡ്രൈവിംഗ് സ്കൂളുകളുടെ പ്രധാന ആവശ്യം.
സർക്കുലർ പിൻവലിക്കുന്നതുവരെ അനിശ്ചിതകാല ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്കരണം നടത്താനും കമ്മിറ്റി തീരുമാനിച്ചു. എന്നാല് പരിഷ്കരണവുമായി മുന്നോട്ടു പോകാനാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം.