പിഷാരികാവ് കാളിയാട്ട മഹോത്സവം: വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം

പിഷാരികാവ് കാളിയാട്ട മഹോത്സവം: വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം

  • ക്രമസമാധാനപരിപാലനത്തിന് 200ൽ അധികം പോലീസുകാർ

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവുമായി ബന്ധപ്പെട്ട് വ്യാഴം, വെള്ളി ദിവസങ്ങളിൽ ദേശീയപാതയിൽ ഗതാഗതനിയന്ത്രണം. വ്യാഴാഴ്ച രാവിലെ മന്ദമംഗലത്തു നിന്നുള്ള വസൂരിമാലവരവും ഇളനീർക്കുലവരവും ക്ഷേത്രത്തിലേക്കെത്തുമ്പോൾ, ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ മെൽവിൻ ജോസ് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിനുശേഷം ആഘോഷവരവുകൾ ക്ഷേത്രത്തിലേക്ക് എത്തുന്നതിനാൽ ദേശീയപാതയിൽ രാത്രി 10 വരെ ഗതാഗതം പൂർണമായി നിയന്ത്രിക്കും. കോഴിക്കോട്ടു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പാവങ്ങാട്, അത്തോളി, പേരാമ്പ്ര വഴി കടത്തിവിടും. ദീർഘദൂര ബസുകൾ കൊയിലാണ്ടിയിലെത്തി മുത്താമ്പി, അരിക്കുളം, അഞ്ചാംപീടിക പയ്യോളിവഴി കടന്നുപോകാവുന്നതാണ് . കണ്ണൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പയ്യോളി, മേപ്പയ്യൂർ, പേരാമ്പ്ര, അത്തോളി വഴി പോകണം.

വടകരയിൽ നിന്നു വരുന്ന ഹ്രസ്വദൂര ബസുകൾ കൊല്ലം ചിറയ്ക്ക് സമീപം യാത്ര അവസാനിപ്പിക്കും. കൊയിലാണ്ടിയിൽ നിന്ന് കൊല്ലം സിവിൽസ്റ്റേഷന് സമീപത്തെ പെട്രോൾ പമ്പുവരെ ബസുകളോടും. കാളിയാട്ട ദിവസമായ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷവും ഗതാഗത നിയന്ത്രണമുണ്ടാകും.

പിഷാരികാവ് കാളിയാട്ട മഹോത്സവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് പോലിസ് ഏർപ്പെടുത്തിയിട്ടുള്ളത്. റൂറൽ എസ്പി വടകര, പേരാമ്പ്ര ഡിവൈഎസ്പി മാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും സുരക്ഷാ ചുമതല.
വനിതാപോലീസ് ഉൾപ്പെടെ വലിയൊരു സംഘം മഫ്തി പോലീസിനെയും ക്ഷേത്രപരിസരത്ത് വിന്യസിക്കും. സുരക്ഷക്കായി രഹസ്യക്യാമറകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട് . അത്തോളി, കൊയിലാണ്ടി, മേപ്പയ്യൂർ, പേരാമ്പ്ര, പയ്യോളി സർക്കിൾ ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ എന്നിവരെ കൂടാതെ ഇരുനൂറ് പോലീസുകാരും ക്രമസമാധാനപരിപാലനത്തിനും ഗതാഗതനിയന്ത്രണത്തിനുമായുണ്ടാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )