
പോലീസിന് നേരേ ആക്രമണം
- സർക്കാർ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റു ചെയ്തു.
കാഞ്ഞങ്ങാട്/രാജപുരം: കാഞ്ഞങ്ങാട്ടും കിഴക്കൻ മലയോരഗ്രാമമായ ചാമുണ്ഡിക്കുന്നിലും പോലീസ് സംഘത്തിനുനേരേ ആക്രമണം. രണ്ടിടങ്ങളിലുമായി ആറ് പോലീസുകാർക്ക് പരിക്കേറ്റു. സർക്കാർ ജീവനക്കാരൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്ടാണ് സർക്കാർ ജീവനക്കാരന്റെ ആക്രമണം. മംഗൽപ്പാടി മൃഗാസ്പത്രി ജീവനക്കാരനായ കാഞ്ഞങ്ങാട് ആലയിയിലെ മോഹൻകുമാറാണ് (53) ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടറിൽ പോകുകയായിരുന്ന ഇയാളെ അലാമിപ്പള്ളിയിൽ വാഹനപരിശോധന നടത്തുന്ന പോലീസ് സംഘം കൈകാണിച്ചെങ്കിലും നിർത്തിയില്ല. ജീപ്പിൽ പിന്തുടർന്ന പോലീസുകാർ നൂറുമീറ്റർ അപ്പുറത്തുവെച്ച് പിടിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ജീപ്പിൽ കയറ്റാൻ ശ്രമിക്കവെ എസ്ഐ വി. മോഹനനെ കൈയേറ്റം ചെയ്തു. തുടർന്ന് ബലമായി പ്രതിയെ ജീപ്പിൽ കയറ്റി. ഇതിനിടെ സിവിൽ പോലീസ് ഓഫീസർ അജിത്തിന്റെ ദേഹത്ത് ഇയാൾ നഖംകൊണ്ട് കോറി.
വൈദ്യപരിശോധനയ്ക്കായി ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും ഒരുതരത്തിലും പ്രതി സഹകരിച്ചില്ല. പരിശോധന നടത്താതെ മടങ്ങുന്നതിനിടെ ജീപ്പിൽ തൊട്ടടുത്തിരുന്ന ജൂനിയർ എസ്ഐ കെ.വി. ജിതിന്റെ കൈപിടിച്ച് തിരിച്ചു. തോളെല്ല് ഇളകിയ എസ്ഐക്ക് ബാൻഡേജിടേണ്ടിവന്നു. ബുധനാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ചാമുണ്ഡിക്കുന്ന് ഗാന്ധിപുരത്ത് പരാതി അന്വേഷിക്കാൻ ചെന്ന പോലീസുകാരെ സഹോദരങ്ങളാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിപുരം ശാസ്തമംഗലത്ത് വീട്ടിൽ എസ്.സി. പ്രമോദ് (41), സഹോദരൻ എസ്.സി. പ്രദീപ് (43) എന്നിവരെ രാജപുരം ഇൻസ്പെക്ടർ പി. രാജേഷ് കുമാർ അറസ്റ്റ് ചെയ്തു.