
ബീച്ചിലുണ്ടായിരുന്ന ഫയർ സ്റ്റേഷൻ പുനരാരംഭിക്കാത്തത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി
- പല യൂണിറ്റുകളിലും വാഹനം ഉണ്ടെങ്കിലും അതിനനുസരിച്ച് ഡ്രൈവർമാരുമില്ല.
കോഴിക്കോട് : ബീച്ചിലുണ്ടായിരുന്ന ഫയർ സ്റ്റേഷൻ പുനരാരംഭിക്കാത്തത് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിലെ രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. നാലുയൂണിറ്റുണ്ടായിരുന്ന ബീച്ചിൽ ഒരു യൂണിറ്റ് മാത്രമാണ് താത്കാലികമായി പ്രവർത്തിക്കുന്നത്. ബാക്കിയെല്ലാം മറ്റ് സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുകയാണ്. അതുകൊണ്ട് തീപ്പിടിത്തമുണ്ടായ 5.05-ന് ഈ യൂണിറ്റ് മാത്രമാണ് എത്തിയത്.

മൂന്നുമിനിറ്റ് പമ്പ് ചെയ്‌തപ്പോഴേക്കും വെള്ളം തീർന്നു. അവർ എത്തി സന്ദേശം കൈമാറിയശേഷമാണ് മീഞ്ചന്തയിൽനിന്നും വെള്ളിമാടുകുന്നിൽ നിന്നുമൊക്കെ അഗ്നിരക്ഷാസേനയെത്തിയത്. ഗതാഗതക്കുരുക്കിൽപ്പെട്ട് അവരെത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു. തുണിയും ഫാബ്രിക് സാധനങ്ങളും മരുന്നുകടയുമടക്കമുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. അതുകൊണ്ട് രക്ഷാപ്രവർത്തനം വൈകിയതിനാൽ തീ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലേക്ക് മാറി. പല യൂണിറ്റുകളിലും വാഹനം ഉണ്ടെങ്കിലും അതിനനുസരിച്ച് ഡ്രൈവർമാരുമില്ല. തീപ്പിടിത്തം നീണ്ടു നിന്നതിനാൽ ഇടയ്ക്ക് ജലഅതോറിറ്റിയുടെ ടാങ്കറുകളിലും ലോറികളിൽ ടാങ്കുകളിലുമെല്ലാം വെള്ളം കൊണ്ടുവരുകയായിരുന്നു.