
ഭാസുരേന്ദ്രബാബു;എന്നും പുരോഗമന പക്ഷത്ത്, ഉറച്ച്
- രാഷ്ട്രീയ നിരീക്ഷകനും മാധ്യമ പ്രവർത്തകനുമായിരുന്നു.
- 1970കളിൽ നക്സൽബാരി പ്രസ്ഥാനത്തിന്റെ തലപ്പത്ത് പ്രവർത്തിച്ചിരുന്നു.
തിരുവനന്തപുരം : മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു (75) അന്തരിച്ചു. 1970കളിൽ നക്സൽബാരി പ്രസ്ഥാനത്തിന്റെ തലപ്പത്ത് പ്രവർത്തിച്ചിരുന്നു. പിൽക്കാലത്താണ് അദ്ദേഹം രാഷ്ട്രീയ മാധ്യമ മേഖലകളിൽ പ്രവർത്തിച്ചു തുടങ്ങിയത്.
അടിയന്തരാവസ്ഥക്കാലത്ത് നാലുവർഷക്കാലം ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട് ഇദ്ദേഹം. നക്സലൈറ്റ് പ്രസ്ഥാനത്തിൻറെ മുൻനിരയിൽ കെ. വേണു, ഫിലിപ്പ് എം. പ്രസാദ് തുടങ്ങിയവരുടെയൊപ്പം പ്രവർത്തിച്ച ഭാസുരേന്ദ്ര ബാബു കുറച്ചു കാലം സിപിഐ (എംഎൽ) സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നക്സലൈറ്റ് പ്രസ്ഥാനത്തിൻറെ നേത്രത്വത്തിൽ രൂപീകരിച്ച ജനകീയ സാംസ്‌കാരിക വേദിയുടെ മുഖ്യ സംഘാടകരിലൊരാളായിരുന്നു ഭാസുരേന്ദ്ര ബാബു.
നക്സലൈറ്റ് ആശയത്തിന്റെ പ്രചാരണത്തിനായി 1980കളിൽ ആരംഭിച്ച പ്രേരണ, കോമ്രേഡ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെയും അമരക്കാരനായിരുന്നു ഇദ്ദേഹം .
പങ്കാളിയായ ഇന്ദിര രചിച്ച് പുസ്തക പ്രസാധക സംഘം പ്രസിദ്ധീകരിച്ച ‘സ്ത്രീകൾ സാമൂഹികമായും ലൈംഗികമായും അടിമകളാണ്’ എന്ന പുസ്തകം കേരളത്തിൽ ആദ്യമായി ഫെമിനിസ്റ്റ് ആശയങ്ങൾ മുന്നോട്ട് വച്ച പുസ്തകമാണ്.
സദ്ദാം: അധിനിവേശവും ചെറുത്തുനിൽപ്പും, നിത്യചൈതന്യയതിക്ക് ഖേദപൂർവ്വം, മലയാളികളുടെ മാധ്യമലോകം, മന്ദബുദ്ധികളുടെ മാർക്സിസ്റ്റ് സംവാദം, ഇടതുപക്ഷം ദേശീയാധികാരത്തിലേക്ക് തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ഡി.ഡി. കൊസാംബിയുടെ ‘മിത്ത് ആൻഡ് റിയാലിറ്റി: സ്റ്റഡീസ് ഇൻ ദി ഫോർമേഷൻ ഓഫ് ഇന്ത്യൻ കൾച്ചർ’ എന്ന വിഖ്യാത പുസ്തകം മലയാളത്തിൽ ‘മിത്തും യാഥാർഥ്യവും: ഇന്ത്യൻ സംസ്കാരത്തിൻറെ രൂപീകരണത്തെക്കുറിച്ചുള്ള പഠനങ്ങൾ’ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ഇന്ദിരയാണ് ജീവിത പങ്കാളി.തനൂജ (ദുബായ്), ജീവൻ (അദ്ധ്യാപകൻ, മലപ്പുറം) എന്നിവരാണ് മക്കൾ.
മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി
ഭാസുരേന്ദ്ര ബാബുവിൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി. പുരോഗമനപക്ഷത്ത് നിന്ന മാധ്യമപ്രവർത്തകനും മാധ്യമ വിമർശകനുമായിരുന്നു ഭാസുരേന്ദ്ര ബാബുവെന്ന് അദ്ദേഹം പറഞ്ഞു.
🖋️ഉമാശങ്കർ