
ഭീതി പരത്തി ലഹരി സംഘം; വ്യാപാരിയെ കടയിൽക്കയറി വെട്ടിപരിക്കേൽപ്പിച്ചു
- കുടുക്കിലുമ്മാരത്താണ് ലഹരി മാഫിയാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്
താമരശ്ശേരി:ലഹരി വിപണനസംഘം കടയിൽക്കയറി വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും പ്രദേശത്തെ രണ്ടു വീടുകളിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കുടുക്കിലുമ്മാരത്താണ് ലഹരി മാഫിയാ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
അതേ സമയം അക്രമിസംഘത്തെക്കണ്ട് ഗൃഹനാഥർ അകത്തുകയറി വാതിലടച്ചതിനാലാണ് വെട്ടേൽക്കാതെ രക്ഷപ്പെട്ടത്. ആയുധം കൊണ്ട് വാതിലും ജനലും വെട്ടിപ്പൊളിച്ചശേഷമാണ് അക്രമികൾ പിൻവാങ്ങിയത്. കുടുക്കിലുമ്മാരത്ത് ചായക്കട നടത്തുന്ന കൂടത്തായി പുവ്വോട്ടിൽ നവാസിനെയാണ് അക്രമികൾ വെട്ടിപ്പരിക്കേൽപ്പിച്ചത്.
കൈയ്ക്ക് ആഴത്തിൽ മുറിവേറ്റ നവാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ കുടുക്കിലുമാരം മുസ്ലിംലീഗ് വാർഡ് സെക്രട്ടറിയാണ്.
അക്രമിസംഘം താമരശ്ശേരി കുടുക്കിലുമ്മാരം തെക്കേകുടുക്കിൽ മാജിദിന്റെ വീട്ടിലും കയ്യേലിക്കുന്നുമ്മൽ ജലീലിന്റെ വീട്ടിലുമാണ് അക്രമം നടത്തിയത്. ആയുധങ്ങൾ സഹിതം ഇരുചക്രവാഹനവും രണ്ടുജീപ്പുകളും പ്രദേശത്തുനിന്ന് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അക്രമങ്ങൾക്ക് തുടക്കമായത്.
സംഭവത്തിൽ താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി അയ്യൂബ്, ചുടലമുക്ക് കരിങ്ങമണ്ണ സ്വദേശി ഫിറോസ് ഖാൻ, കുടുക്കിലുമ്മാരം സ്വദേശി കണ്ണൻ, ഫൈസൽ എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.