
മഴ തുടരും; കേരള തീരത്ത് തെക്ക്- കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു
- ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിനു സാധ്യത
തിരുവനന്തപുരം: കേരള തീരത്ത് തെക്ക്-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അതിനാൽ അടുത്ത 5 ദിവസം കേരളത്തിൽ ഇടി, മിന്നൽ, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യും.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് ആന്ധ്രാ തീരത്തിനു സമീപത്ത് ന്യൂനമർദം രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് മധ്യബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. 25- ന് രാവിലെയോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായും വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും വിനോദങ്ങളും ഒഴിവാക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.