
മാർഗ്ഗം ലക്ഷൃത്തെ സാധൂകരിക്കും

“ധർമത്തിന് ഗ്ലാനി സംഭവിക്കുമ്പോൾ അധർമത്തിന് അഭ്യുത്ഥാനമുണ്ടാകുമ്പോൾ പരിപൂർണ്ണജ്ഞാനം കൊണ്ടു തിളങ്ങുന്ന ആത്മാവിനല്ലാതെ, തിന്മയുടെ വളരുന്ന സ്വാധീനത്തെ വെല്ലുവാൻ മറ്റെന്തിനാണ് കഴിയുക.”
ശ്രീബുദ്ധൻ പറയുകയാണ്. ആത്മാവിൻ്റെ നിത്യതയെക്കുറിച്ചാണ് ഗുരു പറയുന്നത്. ബോധിചാര്യവതാരം ബൗദ്ധസാഹിത്യമാണ്. എത്ര കാവ്യാത്മകമായിട്ടാണ് ശ്രീബുദ്ധൻ പറയുന്നതെന്ന് നോക്കൂ.
“വിലപിടിച്ച പൊരുളുകൾ വ്യാപാരം ചെയ്ത് ഞാൻ ഭൂമിയിലെ നഗരങ്ങളിൽ നിന്നു നഗരങ്ങളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. എന്നാൽ പ്രജ്ഞാപ്രകാശിതമായ ആത്മാവിനോളം വിലപിടിച്ച ഒന്നും ഞാൻ കണ്ടെത്തിയിട്ടില്ല. എല്ലാ വിലപിടിച്ച പൊരുളുകളെക്കാളും വളരെയേറെ മൂല്യമുള്ളതാണ് പ്രജ്ഞാ പ്രകാശിതമായ ആത്മാവ്.”
കാവ്യാത്മകമായി തന്നെ ഗുരു തുടരുകയാണ്
“ഇരുളടഞ്ഞ ഒരു രാവ്. ആഞ്ഞുവീശുന്ന കാറ്റ്. ഉരുണ്ടുകൂടുന്ന മഴമേഘങ്ങൾ. പെട്ടന്ന് ഒരു മിന്നൽ . ഉലകമാകെ വെളിച്ചം. അതുപോലെ ആധ്യാത്മികതയുടെ ഒരു മിന്നൽപിണർ മതി ആത്മാവിനെ പ്രകാശപൂരിതമാക്കാൻ.”
ആത്മാവിൻ്റെ നിത്യതയെക്കുറിച്ച് ശ്രീബുദ്ധൻ പറയുന്നത് ഒരു ഉപമയോടെയാണ്.
“വാഴ ഒരിക്കൽ കുലയ്ക്കും,പിന്നെ ഉണങ്ങും. എന്നാൽ പ്രബുദ്ധമായ ആത്മാവ് നിത്യഫലദായകമാണ്. അതിന് ഉണക്കമില്ല.” ആത്മാവിനെ പ്രകാശപൂരിതമാക്കാനുള്ള വഴിയും ഗുരു പറഞ്ഞുവെക്കുന്നുണ്ട്.
ധ്യാനാത്മകമായി നിത്യവും മന്ത്രമെന്നപോലെ ഇത് ചൊല്ലാം.
“ലൗകിക ക്ലേശങ്ങളെ അതിക്രമിക്കുവാൻ ഞാൻ വെമ്പൽ കൊള്ളുന്നു.
സമസ്തജീവികളുടെയും ദു:ഖഭാരമെടുത്തുമാറ്റുവാൻ ഞാൻ വെമ്പൽ കൊള്ളുന്നു. ആനന്ദത്തിൻ്റെ യുഗയുഗങ്ങൾ അനുഭവിക്കാൻ ഞാൻ വെമ്പൽ കൊള്ളുന്നു. ആത്മാവിനെ പ്രകാശപൂരിതമാക്കാൻ ഞാൻ സദാ യത്നിക്കുന്നു.”
മഹാപരിനിബ്ബാണസുത്തം. ശ്രി ബുദ്ധൻ്റെ അന്ത്യമൊഴിയാണെന്ന് ആലങ്കാരികമായി പറയാമെന്ന് തോന്നുന്നു. അവസാന നിമിഷങ്ങളിൽ ഗുരുശിഷ്യരോട് പറയുന്നു .. “നിങ്ങൾ നിങ്ങൾക്ക് തന്നെ വിളക്കാകണം. നിങ്ങൾ നിങ്ങൾക്ക് തന്നെ രക്ഷകനാകണം. മാർഗ്ഗമാണ് നിങ്ങളുടെ പ്രകാശനാളം. മാർഗ്ഗമാണ് നിങ്ങളുടെ രക്ഷ എന്നറിഞ്ഞ് മാർഗ്ഗത്തെ ദൃഡമായി ഗ്രഹിക്കുക.”
ഗുരു ആഹ്വാനം ചെയ്യുന്നു ..
“ഉണർന്നിരിക്കു.. വീര്യം വളർത്തു.. സ്വയം അറിയു… ധ്യാനപരനാകു.. ആശയും നൈരാശ്യവും ഒഴിവാക്കു..സംവേദനങ്ങളിലും വിചാരങ്ങളിലും മാനസികാവസ്ഥകളിലും സൂക്ഷമമായി കണ്ണുവെയ്ക്കു.. “
തൻ്റെ അന്ത്യാഭിലാഷം ശ്രീ ബുദ്ധൻ ഇപ്രകാരമാണ് പറഞ്ഞതെന്ന് മഹാപരിനിബ്ബാണസുത്തം പറയുന്നു.
“ഭിക്ഷു തനിക്ക് തന്നെ വിളക്കാണ്. തനിക്ക് തന്നെ രക്ഷയാണ്. ബാഹ്യമായ രക്ഷ ആവശ്യമില്ല. മാർഗ്ഗത്തെ കൈവിളക്കായി മുറുകെ പിടിക്കട്ടെ. മാർഗ്ഗത്തെ രക്ഷയായി മുറുകെ പിടിക്കട്ടെ. തന്നെത്തന്നെയല്ലാതെ മറ്റൊരാളെ രക്ഷകനായി കാണരുത്.”അത്ത ദീപ്തോ ഭവ” (അപ്പ ദീപോ ഭവ) സ്വയം വെളിച്ചമേകുക.
അതെ മാർഗ്ഗം ലക്ഷ്യത്തെ സാധൂകരിക്കും.
സദ്ഗുരുവേ ശരണം.