മില്ലറ്റ് ക്രോപ് മ്യൂസിയം പ്രദർശനത്തോട്ടമൊരുങ്ങി

മില്ലറ്റ് ക്രോപ് മ്യൂസിയം പ്രദർശനത്തോട്ടമൊരുങ്ങി

  • തിക്കോടി തെങ്ങിൻതൈ വളർത്തു കേന്ദ്രത്തിലാണ് പ്രദർശനം

തിക്കോടി: തെങ്ങിൻതൈ വളർത്തുകേന്ദ്രത്തിൽ ‘മില്ലറ്റ് ക്രോപ് മ്യൂസിയം’ പ്രദർശനം തുടങ്ങി. ചെറിയ ധാന്യമണികളോടുകൂടിയതും പുല്ലുവർഗത്തിൽപ്പെട്ടതുമായ ഭക്ഷ്യ വിളകളാണ് മില്ലറ്റുകൾ. ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും ചെറുധാന്യങ്ങളുടെ പങ്കിനെക്കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ തീരുമാനിച്ചത്. ഇതുപ്രകാരം കൃഷി ഡയറക്ടറുടെ നിർദേശാനുസരണം മില്ലറ്റ് വിളകൾ കർഷകരെ പരിചയപ്പെടുത്താനായി ജില്ലാപഞ്ചായത്തിന്റെ കീഴിൽ കൃഷി വകുപ്പ് തിക്കോടി തെങ്ങിൻതൈ വളർത്തുകേന്ദ്രത്തിൽ ‘മില്ലറ്റ് ക്രോപ് മ്യൂസിയം’ എന്ന പേരിൽ പ്രദർശനത്തോട്ടം ആരംഭിച്ചത്.

അഞ്ചിനം മില്ലറ്റുകളാണ് ഇവിടെ കൃഷി ചെയ്തത്. ബജ്റ, ചാമ, തിന, മണിച്ചോളം, റാഗി എന്നീ ഇനങ്ങൾ അവയുടെ വിത്തുകൾ ഗ്രോബാഗിൽ വിതച്ച് ആവശ്യമായ പരിചരണം നൽകിയാണ് കൃഷി ചെയ്തിരിക്കുന്നത്. കോഴിക്കോട് മില്ലറ്റ് മിഷൻ മുഖേന പാലക്കാട് അട്ടപ്പാടിയിലെ കർഷകരിൽ നിന്നും വിവിധ ഇനം വിത്തുകൾ സംഘടിപ്പിച്ചു. ഇതോടൊപ്പം തിക്കോടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള എല്ലാപഞ്ചായത്തുകളിലും കർഷകർക്ക് മില്ലറ്റ്കൃഷി ആരംഭിക്കുന്നതിനുവേണ്ട വിത്തുകൾ നൽകി, കർഷകർക്ക് കൃഷി ചെയ്യുന്നതിന് നിർദേശം നൽകിവരുന്നുണ്ട്. മണ്ണ്, പൂഴിമണൽ, ചകിരിച്ചോറ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, വെർമി കമ്പോസ്റ്റ് എന്നിവ മിക്സ് ചെയ്ത് ഗ്രോബാഗുകളിൽ നിറച്ചാണ് വിത്തിടുക. ആദ്യമാസം. ശാഖകൾ പൊട്ടുകയും രണ്ടാംമത്തെ മാസം പൂവിട്ടു തുടങ്ങുകയും ചെയ്യുന്ന മില്ലറ്റുകൾ മൂന്നു മാസം കൊണ്ട് വിളവെടുക്കാൻ പാകമാകും.

കൃഷി അസിസ്റ്റൻറ് ഡയറക്ടർ സ്മിത ഹരിദാസ് ,കൃഷി അസിസ്റ്റൻ്റുമാർ, തൊഴിലാളികൾ എന്നിവരുടെ സമ്പൂർണ സഹകരണത്തോടെയാണ് കൃഷി നടന്നത്. വരും വർഷങ്ങളിൽ മില്ലറ്റ് കൃഷി വ്യാപിപ്പിക്കുമെന്നും കൃഷി അസി.ഡയറക്ടർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )