
മുല്ലപെരിയാർ വിഷയത്തിൽ കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന് കേരളവും തമിഴ്നാടും ചർച്ച നടത്തും
- “തമിഴ്നാടിന് വെള്ളം, കേരളത്തിന് പുതിയ ഡാം’ എന്ന നിലപാട് കേരളം അറിയിക്കും.
ഇടുക്കി: മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന വിഷയത്തിൽ കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന് കേരളവും തമിഴ്നാടും ചർച്ച നടത്തും. മൂന്നാറിൽ നടക്കുന്ന യോഗത്തിൽ ഇരു സംസ്ഥാനങ്ങളിലെയും വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കും. “തമിഴ്നാടിന് വെള്ളം, കേരളത്തിന് പുതിയ ഡാം’ എന്ന നിലപാട് കേരളം അറിയിക്കും. രാവിലെ 10 മണി മുതൽ 11:30 വരെയാണ് ചർച്ച. കേന്ദ്ര ജലകമ്മീഷന് കീഴിലുള്ള കേരളത്തിലെ പദ്ധതികളെക്കുറിച്ചും ചർച്ച നടത്തും. കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുക. എംപിമാരായ ജെബി മേത്തർ, ഡീൻ കുര്യാക്കോസ് എന്നിവരും കമ്മിറ്റിയിലുണ്ട്.

ഒരിടവേളയ്ക്ക് ശേഷമാണ് മുല്ലപ്പെരിയാർ വിഷയത്തിൽ അന്തർസംസ്ഥാന ചർച്ച നടക്കുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ ശ്രമങ്ങൾ തടയുമെന്ന് വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെ പുതിയ സർക്കാരും നിലപാടെടുത്തിരുന്നു. വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 152 അടിയായി ജലനിരപ്പ് ഉയർത്താനുള്ള എല്ലാവിധ ശ്രമങ്ങളും തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഡാമിന്റെ അറ്റകുറ്റപ്പണിയുമായി മുന്നോട്ടുപോകുമെന്നും സർക്കാർ നയത്തിലുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് രണ്ട് സംസ്ഥാനങ്ങൾക്കുമിടയിൽ ചർച്ച നടക്കുന്നത്.
