
മൂകാംബികയിൽ വാദ്യപ്രണാമമായി ശ്രീചക്രനവാവരണ മേളം
- കലാമണ്ഡലം ബലരാമൻ രൂപകൽപനയും സംവിധാനവും നിർവ്വഹിച്ച സവിശേഷ മേളമാണ് ശ്രീചക്ര നവാവരണ മേളം

കൊല്ലൂർ :കേരളത്തിൽ നിന്നുള്ള അൻപത് വാദ്യകലാകാരൻമാരെ അണിനിരത്തികൊണ്ട് കലാമണ്ഡലം ബലരാമൻ്റെ നേതൃത്വത്തിൽ കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്രത്തിൽ ശ്രീ ചക്രനവാവരണ മേളം അവതരിപ്പിച്ചു.കലാമണ്ഡലം ശിവദാസൻ മാരാർ ഏകോപനം നിർവ്വഹിച്ചു. തന്ത്രി സുബ്രന്മണ്യ അഡിഗ കലാമണ്ഡലം ബലരാമനെ പൊന്നാടയണിയിച്ച് ആദരിച്ചു.

വ്യാഖാനങ്ങൾക്ക് പൂർണ്ണമായി വഴങ്ങാത്ത ശ്രീചക്രത്തിന്റെ ഒൻപത് ആവരണങ്ങളെ ആസ്പദപ്പെടുത്തി ചിട്ടപ്പെടുത്തിയ മേളമാണ് ശ്രീചക്രനവാവരണ മേളം. ഓരോ ആവരണ ചക്രത്തിന്റെയും ഘടനയെ അടിസ്ഥാനപ്പെടുത്തിയാണ് താളത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. നിലവിലുള്ള മറ്റ് മേളങ്ങളിലെ താളകാല നിർണയത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ്.
ശ്രീചക്ര പ്രതിഷ്ഠാരൂപമായ മഹാമേരുചക്രത്തിന്റെ മൂർത്തീഭാവത്തെ പ്രതിഫലിപ്പിച്ചുകൊണ്ടുള്ളതാണ് ശ്രീചക്രനവാവരണ മേളം. ലളിതാസഹസ്രനാമത്തിലെ നാമങ്ങളെ ആധാരമാക്കി മൂന്ന് കാലമായി ഈ മേളത്തെ അവതരിപ്പിക്കുന്നു. അവസാന കാലത്തിൽ ശങ്കരാചാര്യരുടെ കൃതിയായ സൗന്ദര്യലഹരീസ്തോത്രത്തിലെ മുപ്പത്തിരണ്ടാമത്തെ ശ്ലോകാർത്ഥത്തെകൂടി ഉൾപ്പെടുത്തിയാണ് താള നിർണയം ചെയ്തിരിക്കുന്നത്. കൂടാതെ നവാവരണകൃതികളുടെ രാഗങ്ങൾ കുറുങ്കുഴലിൽ മേളരാഗസമ്പ്രദായത്തിൽ വായിക്കുന്നു.

കേരളത്തിൽ അപൂർവ്വമായി മാത്രമേ ഈ മേളം അന്തരിപ്പിയ്ക്കപ്പെട്ടിട്ടുള്ളൂ.
കോഴിക്കോട് ജില്ലയിൽ പാലക്കാട്ടില്ലത്ത് 2014 ജനുവരിയിൽ ശ്രീചക്രമഹാമേരു പ്രതിഷ്ഠയൊടനുബന്ധിച്ചാണ് ശ്രീചക്രനവാവരണ മേളം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.തുടർന്ന് കാറൽമണ്ണ തിരുമുല്ലപുള്ളി മഹാദേവ ക്ഷേത്രം, ചെറമ്പറ്റ ഭഗവതി ക്ഷേത്രത്തിലും നവാവരണമേളം അവതരിപ്പിക്കുകയുണ്ടായി.
കലാമണ്ഡലം ബലരാമൻറെ ദീർഘകാല വാദ്യകലാ സമർപ്പണത്തിൻ്റെ ഫലമാണ് ശ്രീചക്ര നവാവരണ മേളം. തായമ്പകയിലും മേളത്തിലും കഥകളിക്കൊട്ടിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന കലാമണ്ഡലം ബലരാമൻ 25 വർഷത്തോളം കേരള
കലാമണ്ഡലത്തിൽ അദ്ധ്യാപകനായിരുന്നു . 10 വർഷത്തോളം മൃണാളിനി സാരാഭായ് യുടെ ദർപ്പണ അക്കാദമിയിൽ മൃദംഗം അദ്ധ്യാപകനായിരുന്ന അദ്ദേഹം വിപുലമായ ശിഷ്യ, പ്രശിഷ്യ സമ്പത്തിനുടമയാണ്.
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ