
മെഡിക്കൽ കോളേജിൽ മരുന്ന് വിതരണക്കാർ സമരം തുടരുന്നു
- അഞ്ച് ദിവസത്തോളമായി വിതരണക്കാർ സമരത്തിലാണ്.
- മരുന്നുകളും ഡയാലിസിസിന് ഉൾപ്പെടെയുള്ള വസ്തുക്കളും പുറത്ത് നിന്ന് വൻ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം. സാധാരണക്കാരായ രോഗികൾ മരുന്നും ശസ്ത്രക്രിയക്ക് ആവശ്യമായ വസ്തുക്കളും ഇല്ലാതെ ബുദ്ധിമുട്ടിലാണ്. മരുന്നുകളും ഡയാലിസിസിന് ഉൾപ്പെടെയുള്ള വസ്തുക്കളും പുറത്ത് നിന്ന് വൻ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ.
ചികിത്സയ്ക്ക് അത്യാവശ്യമായി വേണ്ട മരുന്നുകളുടെയും ഉപകരണങ്ങളുടെയും പരിമിതി വലിയ തോതിലാണ് ബാധിക്കുന്നത്. അതെ സമയം ബദൽ ക്രമീകരണങ്ങൾ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് പരക്കെ ഉള്ള ആരോപണം. ഫണ്ട് ലഭിച്ചാൽ ഉടൻ തന്നെ വിതരണക്കാർക്ക് പണം നൽകുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഡയാലിസിസ് നടത്തണമെങ്കിൽ ഫിൽറ്ററും ട്യൂബും മരുന്നും ഉൾപ്പെടെ പുറത്ത് നിന്ന് വാങ്ങാനാണ് ഇപ്പോൾ ആശുപത്രി അധികൃതർ നിർദേശിക്കുന്നത്.
മരുന്നും സർജിക്കൽ വസ്തുക്കളും വിൽക്കുന്നത് വിതരണക്കാർ നിർത്തിയതാണ് പ്രതിസന്ധിയിലേക്ക് നയിക്കാൻ കാരണം. അഞ്ച് ദിവസത്തോളമായി വിതരണക്കാർ സമരത്തിലാണ്. 75 കോടി രൂപ കുടിശികയായതോടെയാണ് വിതരണക്കാർ മരുന്നും സർജിക്കൽ ഉപകരണങ്ങളും നൽകുന്നത് നിർത്തിവച്ചിരിക്കുന്നത്. ഒരാഴ്ചയായി പ്രതിസന്ധി തുടരുകയാണെങ്കിലും ഇപ്പോയാണ് പ്രശ്നം രൂക്ഷമാകുന്നത്.