
മെസി വിവാദം;സാമ്പത്തിക ഇടപാടുകളിൽ സ്പോൺസറായ റിപ്പോർട്ടർ ആർബിസി ക്കെതിരേ കേസെടുത്ത് ഇഡി
- ഏകദേശം 126 കോടിയോളം രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ
തിരുവനന്തപുരം: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംനൽകി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി(ആർബിസി)ക്കെതിരേ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിദേശനാണ്യ വിനിമയ ചട്ടപ്രകാര (ഫെമ)മാണ് കേസെടുത്തിരിക്കുന്നത്. വിദേശത്തേക്ക് കോടികൾ അയച്ചതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. ഏകദേശം 126 കോടിയോളം രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.മെസിയുടെ സന്ദർശനം വിവാദമായപ്പോൾ തന്നെ ഇഡിപ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പിന്നീട് മെസിയുടെ സന്ദർശനത്തിന്റെ പേരിൽ വൻ സാമ്പത്തിക ഇടപാട് നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഇഡി കേസെടുത്തത്.വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട നിർണായക കരാർ രേഖകളും മറ്റു സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇഡി ഇതിനകം ശേഖരിച്ചിട്ടുണ്ട്.

എസ്ബിഐ വഴിയാണ് ഈ പണം വിദേശത്തേക്കയച്ചിരിക്കുന്നത് എന്നതിന്റെ രേഖകൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ 126 കോടി രൂപയുടെ വിദേശ കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന ജിഎസ്ടി വകുപ്പും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. സേവന നികുതിയിനത്തിൽ 22 കോടിയോളം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നേരത്തേ കത്ത് നൽകിയിരുന്നു.നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫെമ ലംഘന കേസിന് പുറമേ, കൂടുതൽ ഗുരുതര സ്വഭാവമുള്ള പി.എം.എൽ.എ.കേസാക്കി ഇതിനെ മാറ്റുന്നതിനുള്ള സാധ്യതകളും ഇ.ഡി. പരിശോധിക്കുന്നുണ്ട്. എന്നാൽ ഇതിനായി സംസ്ഥാനത്ത് വിജിലൻസോ മറ്റു അന്വേഷണ ഏജൻസികളോ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യണം.
