മേൽപാത നിർമാണം: കോൺക്രീറ്റ് സ്ലാബ് ഇളകി റോഡിൽ പതിച്ചു

മേൽപാത നിർമാണം: കോൺക്രീറ്റ് സ്ലാബ് ഇളകി റോഡിൽ പതിച്ചു

  • യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചാത്തന്നൂർ:ദേശീയപാത മേൽപാത നിർമാണത്തിനിടെ സൈഡ് വാളിലെ കോൺക്രീറ്റ് സ്ലാബ് ഇളകി തിരക്കേറിയ സർവീസ് റോഡിൽ പതിച്ചു. ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തിരക്കേറിയ സമയങ്ങളിലെ ഇത്തരം അപകടം വലിയ ദുരന്തങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ. ഇന്നലെ പകൽ 10.45നു ചാത്തന്നൂർ ജംക്ഷനിൽ ഫെഡറൽ ബാങ്കിനു മുന്നിലാണ് അപകടം. മേൽപാതയുടെ വശത്തു സംരക്ഷണ ഭിത്തി കണക്കെ സ്‌ഥാപിച്ച കോൺക്രീറ്റ് സ്ലാബുകളിൽ ഒന്നാണ് മുകളിൽ നിന്നും ഇളകി തിരുവനന്തപുരം ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വീണത്.

മേൽപാതയിൽ മണ്ണ് ഉറപ്പിക്കൽ പ്രവൃത്തികൾ നടക്കുന്നതിനിടെയാണ് സംഭവം. തിരക്കേറിയ ജംക്ഷൻ ആയതിനാൽ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന ഭാഗമാണ്. എന്നാൽ ബൈക്ക് കടന്നു പോയി ഏതാനും സെക്കൻഡ് ഇടവേളയിൽ മറ്റ് വാഹനങ്ങൾ കടന്നു വരാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.

ഏതാനും ദിവസം മുൻപ് പാരിപ്പള്ളിയിൽ മേൽപാതയുടെ മുകളിൽ നിന്നു തടി പലക ഇളകി മിനി ബസിന്റെ വശത്ത് പതിച്ചിരുന്നു. ബസിനു കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കുറച്ചു നാൾ മുൻപ് ഉമയനല്ലൂർ മേൽപാതയുടെ മുകളിൽ നിന്നു മെറ്റൽ ചീളു പതിച്ചു കുമ്മല്ലൂർ സ്വദേശിയുടെ പുതിയ കാറിന്റെ ചില്ലുകൾക്കു കേടു പാടു സംഭവിച്ചിരുന്നു. ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നതിനു അധികൃതർ കർശന നടപടി എടുത്തില്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുമെന്നു നാട്ടുകാർ പരാതിപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )