
രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ടോൾ പിരിവിന്റെ ട്രയൽ റണ്ണിനു തുടക്കം
- ജനുവരി 15 മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്നാണ് വിവരം
കോഴിക്കോട് : ദേശീയപാത 66 വെങ്ങളം – രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ടോൾ പിരിവിന്റെ ട്രയൽ റണ്ണിനു തുടക്കം. കുറച്ചു ദിവസം പണമീടാക്കാതെ ടോൾ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കും. ടോൾ പ്ലാസയുടെ കാര്യക്ഷമത വിലയിരുത്തിയ ശേഷം ജനുവരി 15 മുതൽ ടോൾ പിരിവ് ആരംഭിക്കുമെന്നാണ് വിവരം. ഇതിനായുളള വിജ്ഞാപനം അടുത്തയാഴ്ച പുറത്തിറങ്ങും.ടോൾ പിരിവിൻ്റെയും പ്ലാസയിലെ മറ്റു സംവിധാനങ്ങളുടെയും കൃത്യത പരിശോധിക്കാനാണ് ട്രയൽ റൺ.

ഇതിനു മുന്നോടിയായി ഡിസംബർ അവസാനം വിവിധ വാഹനങ്ങൾക്കുളള ടോൾ നിരക്കുകൾ ദേശീയ പാത അതോറിറ്റി പുറത്തുവിട്ടിരുന്നു. അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കത്തിൽ നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. കോൺഗ്രസ് ജില്ലാ നേതൃത്വവും പ്രദേശത്തെ നാട്ടുകാരുടെ വികാരത്തിനൊപ്പം നിലകൊള്ളുമെന്ന് അറിയിച്ചു.
