
രാഹുലും പ്രിയങ്കയുമടക്കമുള്ള എം.പിമാരെ ഗാസിപുർ അതിർത്തിയിൽ പോലീസ് തടഞ്ഞു
- ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ
ന്യൂഡൽഹി: ഷാഹി ജുമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ സംഭൽ സന്ദർശിക്കാനെത്തിയ രാഹുലും പ്രിയങ്കയുമടക്കമുള്ള എം.പിമാരെ ഗാസിപുർ അതിർത്തിയിൽ പോലീസ് തടഞ്ഞു. യാത്ര തടസ്സപ്പെടുത്തിയതോടെ പോലീസ് വാഹനത്തിലെങ്കിലും ഞങ്ങൾക്ക് പോവണമെന്ന നിലപാടിലായിരുന്നു രാഹുൽ. പക്ഷെ, പോലീസ് അനുവദിച്ചില്ല.
ഇവർ സംഭാലിലെത്തുമെന്നറിയിച്ചതോടെ തടയാനായി വൻ പോലീസ് സന്നാഹം നേരത്തെ തയ്യാറായിരുന്നു.

രാവിലെ 11 മണിയോടെയായിരുന്നു രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം അതിർത്തിക്കടുത്ത് എത്തിയത്. എം.പിമാരുടെ വാഹനം ഡൽഹി- മീററ്റ് എക്സ്പ്രസ് ഹൈവേയിൽ എത്തിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്. കെ.സി വേണുഗോപാൽ എം.പിയും ഒപ്പമുണ്ടായിരുന്നു.
