
റിപ്പോർട്ടർ ടിവിയിലെ എസ്ഐടി റെയ്ഡ് വാർത്ത നൽകിയതിന്റെ പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി
- സെർച്ച് വാറണ്ടോടെയാണ് അന്വേഷണ സംഘം പരിശോധനക്കെത്തിയത്. വീട്ടിൽ നിന്നും അളവിൽ കവിഞ്ഞ മദ്യം പിടികൂടിയതിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് കേസുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
കൊച്ചി: റിപ്പോർട്ടർ ടിവിയിലെ എസ്ഐടി റെയ്ഡ് വാർത്ത നൽകിയതിന്റെ പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഗുരുതര കുറ്റകൃത്യങ്ങളിലാണ് പോലീസ് നടപടി സ്വീകരിച്ചത്. മജിസ്ട്രേറ്റിന്റെ സെർച്ച് വാറണ്ടോടെയാണ് അന്വേഷണ സംഘം പരിശോധനക്കെത്തിയത്. വീട്ടിൽ നിന്നും അളവിൽ കവിഞ്ഞ മദ്യം പിടികൂടിയതിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ എക്സൈസ് കേസുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ പോലീസ് ചാനലിന്റെ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ല.

മാധ്യമപ്രവർത്തകരുടെ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ അത് കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും.ഇത് സർക്കാരിന്റെ നയപരമായ തീരുമാനമല്ല, മറിച്ച് സ്വതന്ത്രമായ അന്വേഷണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇടത് സർക്കാരിന്റെ കാലത്ത് മംഗളം ടിവി, ഏഷ്യാനെറ്റ് ന്യൂസ്, മറുനാടൻ മലയാളി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾക്ക് എതിരെയും മാധ്യമപ്രവർത്തകർക്കെതിരെ യും കേസും റെയ്ഡും നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റിപ്പോർട്ടർ ടിവിയിലെ റെയ്ഡിനെ വിമർശിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
