
ലഹരിക്കെതിരെ കൈകോർത്ത് നാട്
- രാഷ്ട്രീയ പ്രതിനിധികൾ, പോലീസ്, എക്സൈസ്, ജനപ്രതിനിധികൾ എന്നിവർ ചേർന്ന് യോഗം വിളിച്ചുചേർത്തു
- കുന്നുമ്മക്കരയിലെ രണ്ട് യുവാക്കളുടെയും മൃതദേഹം സംസ്കരിച്ചു
വടകര :ലഹരി മരുന്ന് ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കാൻ ഏറാമല പഞ്ചായത്തിലെ നാല് വാർഡുകൾ . രാഷ്ട്രീയ പ്രതിനിധികൾ, പോലീസ്, എക്സൈസ്, ജനപ്രതിനിധികൾ എന്നിവർ ചേർന്ന് യോഗം വിളിച്ചുചേർത്തു. ഏറാമല, കുന്നുമ്മക്കര, ഓർക്കാട്ടേരി, കാർത്തികപ്പള്ളി എന്നീ മേഖലകളിലാണ് യോഗം വിളിച്ചു ചേർത്ത് ജാഗ്രതാസമിതി ഉണ്ടാക്കാൻ ഒരുങ്ങുന്നത്.
ബോധവത്കരണ പരിപാടികൾ നടത്തുകയും വാർഡ് ജാഗ്രതാസമിതി വിപുലപ്പെടുത്തുകയും ചെയ്യും. കൂടാതെ പോലീസ് നടപടികൾ ശക്തിപ്പെടുത്തി മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്താനും ജനകീയ സമിതികളുടെ സഹായം തേടും.
അതേ സമയം ഏറാമല പഞ്ചായത്തിലെ നെല്ലാച്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടത്തിയ കുന്നുമ്മക്കര തോട്ടോളിമീത്തൽ അക്ഷയ്, ഓർക്കാട്ടേരി രൺദീപ് എന്നിവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം അവരവരുടെ വീട്ടുപറമ്പിൽ സംസ്കരിച്ചു. അക്ഷയുടെ അച്ഛനും സഹോദരനും വിദേശത്തു നിന്ന് എത്തിയശേഷം വെള്ളിയാഴ്ച രാത്രി പതിനൊന്നുമണിയോടെ സംസ്കാരം നടത്തി. രൺദീപിന്റെ സംസ്കാരം ശനിയാഴ്ച രാവിലെ എട്ടുമണിയോടെ നടന്നു.