
വാഹനം വിൽപ്പന നടത്തിയാൽ 14 ദിവസത്തിനകം ആർസി മാറ്റണം
- വാഹനം വിറ്റശേഷമുള്ള പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്
തിരുവനന്തപുരം :വാഹനവിൽപ്പന നടന്നുകഴിഞ്ഞാൽ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർവാഹനവകുപ്പിന്റെ മുന്നറിയിപ്പ്. വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആർസി ഉടമയാണ് എന്ന് ഓർമിപ്പിക്കുകയും ചെയ്തു . വാഹനം കൈമാറി 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർടി ഓഫീസിൽ നൽകണം. തുടർന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണം.

15 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ വാഹനം വാങ്ങുന്ന വ്യക്തിയുടെപേരിൽ സത്യവാങ്മൂലവും നൽകണം. വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാൾ ഉറപ്പുവരുത്തണം. വാഹനം വിറ്റശേഷമുള്ള പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.വാഹനം വിൽക്കുന്നത് – അടുത്തബന്ധുക്കൾക്കോ കൂട്ടുകാർക്കോ സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർക്കോ ആയാൽപ്പോലും ഒരു പേപ്പറിലോ മുദ്രപ്പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെപേരിൽ വാഹനകൈമാറ്റം പൂർത്തിയായെന്നു കരുതരുതെന്ന് വാഹനവകുപ്പ് പറയുന്നു.