
സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം: നവംബർ 15ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: കേരള സ്കൂൾ ശാസ്ത്രോത്സവവും വെക്കേഷണൽ എക്സ്‌പോയും നവംബർ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസിൽ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയിൽ വിദ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാവും. നവംബർ 15 മുതൽ 18 വരെ നഗരത്തിലെ അഞ്ച് സ് കൂളുകളിലായാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.
ലിയോതേർട്ടീന്ത് ഹൈസ്കൂൾ, ലജ് നത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് ഹൈസ്കൂൾ, എസ്‌ഡിവി ബോയ്‌സ്, ഗേൾസ് എന്നീ സ്കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് മേള നടക്കുന്നത്. പ്രധാന വേദിയായ സെൻ്റ് ജോസഫ് ഹൈസ്ക്കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്കൂളിൽ ശാസ്ത്രമേളയും, ലജ് നത്തുൽ മുഹമ്മദീയ ഹൈസ്കൂളിൽ ഗണിതശാസ്ത്രമേളയും, എസ്ഡിവി ബോയ്‌സ്, ഗേൾസ് സ്കൂകൂളുകളിൽ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്. കൂടാതെ കരിയർ സെമിനാർ, കരിയർ എക്സിബിഷൻ, കലാപരിപാടികൾ തുടങ്ങിയവും ലിയോ തേർട്ടീന്ത് സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിൽ നടക്കും.